സെൽഫിയെടുക്കാൻ മൃഗശാലയിലെ കൂട്ടിൽ കടന്ന യുവാവിനെ സിംഹം കടിച്ചുകൊന്നു
text_fieldsതിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ സെൽഫിയെടുക്കാൻ മൃഗശാലയിലെ സിംഹക്കൂടുള്ള മേഖലയിൽ കടന്ന യുവാവിനെ സിംഹം കടിച്ചുകൊന്നു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാർ (34) എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
മൃഗശാലയിൽ 12 അടി ഉയരമുള്ള വേലിക്കകത്താണ് മൂന്ന് സിംഹങ്ങളെ താമസിപ്പിച്ചിരുന്നത്. ഇതിന് പുറത്ത് നിന്ന് കാണാൻ മാത്രമേ സന്ദർശകർക്ക് അനുവാദമുള്ളൂ. എന്നാൽ, പ്രഹ്ലാദ് സെൽഫിയെടുക്കാനായി ഈ വേലി കടന്ന് സിംഹങ്ങളെ പാർപ്പിച്ച മേഖലയിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പ്രഹ്ലാദ് അകത്ത് കടന്നതും കൂട്ടിനകത്തെ ആൺ സിംഹം ആക്രമിച്ചു. കഴുത്തിനാണ് കടിയേറ്റത്. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഇയാൾ അടുത്തുണ്ടായിരുന്ന മരത്തിൽ കയറിയെങ്കിലും സിംഹം പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. 100 മീറ്ററോളം സിംഹം ഇയാളെ വലിച്ചിഴച്ചു. വാച്ചർമാർ അലാറം മുഴക്കിയതോടെ പരിചാരകരും മറ്റും സ്ഥലത്തെത്തിയാണ് സിംഹത്തെ കൂട്ടിനകത്തേക്ക് തിരികെ കയറ്റിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
യുവാവിന്‍റെ പക്കൽ നിന്ന് ലഭിച്ച രേഖകളിൽ നിന്നാണ് രാജസ്ഥാൻ സ്വദേശിയാണെന്ന് മനസ്സിലായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.
സംഭവത്തെ തുടർന്ന് സുവോളജിക്കൽ പാർക്ക് താൽക്കാലികമായി അടച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലയാണ് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്ക്. 1200 ഏക്കറിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

