ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരണത്തിന് മുന്നോടിയായുള്ള കോൺഗ്രസ്-ജെ.ഡി.എസ് ചർച്ച പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി ജെ.ഡി.എസ് അധ്യക്ഷൻ കുമാരസ്വാമി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച നടത്തും. സഖ്യത്തിൽലേർപ്പെടാനുള്ള കോൺഗ്രസ് തീരുമാനത്തിൽ രാഹുലിനോടും സോണിയ ഗാന്ധിയോടും കൂടിക്കാഴ്ചയിൽ കുമാരസ്വാമി നേരിട്ടു നന്ദി അറിയിക്കും.
അതേസമയം, ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് സമുദായ നേതാക്കൾ രാഹുൽ ഗാന്ധിക്ക് കത്ത് കൈമാറി. ഉപമുഖ്യമന്ത്രി സ്ഥാനം പി.സി.സി അധ്യക്ഷൻ ജി. പരമേശ്വരയ്യക്ക് നൽകാനാണ് തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്. അതിനിടെ, എം.എൽ.എമാരെ റാഞ്ചാനുള്ള ബി.ജെ.പി നീക്കത്തെ പൊളിച്ചടുക്കിയ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പി.സി.സി അധ്യക്ഷനാക്കാനും പാർട്ടിയിൽ നീക്കം നടക്കുന്നുണ്ട്.
കോൺഗ്രസിലും ജെ.ഡി.എസിലുമായി ലിംഗായത്ത് വിഭാഗക്കാരായ 20 എം.എൽ.എമാരുണ്ട്. വിജയിച്ച സീറ്റുകളുടെ എണ്ണം കൂടുതലായതിനാൽ കോൺഗ്രസിന് മന്ത്രിയുടെ എണ്ണത്തിലും വർധനയുണ്ടാകും. എന്നാൽ, മന്ത്രിമാരുടെ എണ്ണം കുറഞ്ഞാലും സുപ്രധാന വകുപ്പുകൾ വേണമെന്നാണ് ജെ.ഡി.എസ് നിലപാട്. മുഖ്യമന്ത്രി കുമാരസ്വാമി മാത്രം ആദ്യം സത്യപ്രതിജ്ഞ ചെയ്യുകയും പിന്നീട് മന്ത്രിമാരെ തീരുമാനിക്കാമെന്നാണ് നിലവിലെ ധാരണ.