നെല്ലൂർ (ആന്ധ്രപ്രദേശ്): ആന്ധ്രപ്രദേശ് ഇലക്ട്രിസിറ്റി വകുപ്പിലെ ലൈൻ ഇൻസ്പെക്ടർ ലക്ഷ്മി റായിയുടെ ആസ്തി കണക്കുകൂട്ടിയ വിജിലൻസ് സംഘം അന്തം വിട്ടു. രണ്ടു ജില്ലകളിലായി 57 ഏക്കർ കൃഷിഭൂമി, ആറ് ആഡംബര വീടുകൾ, രണ്ടിടത്ത് വീട് നിർമിക്കാനുള്ള സ്ഥലം, 9.95 ലക്ഷത്തിെൻറ ബാങ്ക് നിേക്ഷപം, നിരവധി ആഡംബര വാഹനങ്ങൾ എന്നിവയാണ് ഇദ്ദേഹത്തിനുള്ളത്. പ്രാഥമിക പരിശോധനയിൽതന്നെ നൂറു കോടിയുടെ ആസ്തിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.56കാരനായ ലക്ഷ്മി റായിയുടെ പിതാവിെൻറയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നെല്ലൂർ, പ്രകാശം ജില്ലകളിലെ വീടുകളിലും മറ്റുമായിരുന്നു വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തിയത്.
കൈക്കൂലിയിലൂടെയാണ് ലക്ഷ്മി റായി ഇത്രയും തുകയുടെ സ്വത്തുണ്ടാക്കിയതെന്ന് വിജിലൻസ് സംഘം പറഞ്ഞു. നെല്ലൂർ ജില്ലയിലെ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഒാഫിസിലെ ലൈൻ ഇൻസ്പെക്ടറാണ് ലക്ഷ്മി റായി. ഇലക്ട്രിസിറ്റി വകുപ്പിെൻറ ഗോഡൗണുകളിൽനിന്ന് ഇദ്ദേഹം ചെമ്പുകമ്പികളും മറ്റും കടത്തി വിറ്റതായും സംശയിക്കുന്നു.
കവാലി സബ്സ്റ്റേഷനിൽ 1993ൽ ഹെൽപറായായിരുന്നു ഇദ്ദേഹം സർക്കാർ സർവിസിൽ പ്രവേശിച്ചത്. 1996ൽ അസിസ്റ്റൻറ് ലൈൻമാനും 1997ൽ ലൈൻമാനുമായി. 2014ൽ ലൈൻ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചു.