ജാർഖണ്ഡിൽ കനത്ത നാശം വിതച്ച് ഇടിമിന്നൽ; മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം എട്ട് പേർക്ക് ദാരുണാന്ത്യം
text_fieldsറാഞ്ചി: ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ എട്ട് പേർ മരണപ്പെട്ടു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിലായാണ് ഇടിമിന്നൽ പരക്കെ നാശം വിതച്ചതെന്ന് പൊലീസ് അറിയിച്ചു.റാഞ്ചി, ഗർവ ജില്ലകളിൽ രണ്ട് പേർ വീതവും ഛത്ര, ഗിരിധി, സെരായ്കേല-ഖർസവാൻ, ജംതാര ജില്ലകളിൽ ഓരോ ആൾ വീതവുമാണ് മരണപ്പെട്ടത്.തലസ്ഥാനമായ റാഞ്ചിയിലെ പിത്തോറിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാടത്ത് പണിചെയ്തുകൊണ്ടിരിക്കെയാണ് ജിതു മഹ്‌ലി (55), നിരാശോ ദേവി (33) എന്നിവർ മിന്നലേറ്റു മരിച്ചത്.
ഗർവ ജില്ലയിൽ കടുത്ത മിന്നലിൽ നിന്നും രക്ഷപ്പെടാനായി മരച്ചുവട്ടിൽ അഭയം പ്രാപിച്ച റീന ദേവി (30) എന്ന യുവതിയും, പുൽമേട്ടിൽ ആടുകളെ മേയ്ക്കുകയായിരുന്ന രാം അവ്താർ പാൽ (65) എന്ന ഇടയനും മിന്നലേറ്റ ഉടൻ തന്നെ മരണപ്പെടുകയായിരുന്നു. ഗിരിധി ജില്ലയിലെ രാജ് ധൻവാർ ബ്ലോക്കിൽ മിന്നലേറ്റ കടുത്ത പൊള്ളലുകളോടെ കൊഡെർമ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്തു വയസ്സുകാരൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഛത്ര ജില്ലയിലെ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇക്കോ പാർക്കിൽ ജോലി ചെയ്യുകയായിരുന്ന ഗീത ദേവി (35) എന്ന വനിതാ തൊഴിലാളി മിന്നലേറ്റ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണമടഞ്ഞു. സെരായ്കേല-ഖർസവാൻ ജില്ലയിലെ രാജ്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെയ്ത കനത്ത മഴയിൽ നിന്ന് രക്ഷപ്പെടാനായി ഒരു കുടിലിൽ അഭയം പ്രാപിച്ച കുടുംബത്തിന് നേരെയാണ് മിന്നലാക്രമണമുണ്ടായത്. അപകടത്തിൽ സഞ്ജയ് ദിയോഗം (35) എന്നയാൾ മരിക്കുകയും ഒപ്പമുണ്ടായിരുന്ന ഒമ്പത് വയസ്സുകാരിയായ മകൾക്കും 60 വയസ്സുകാരനായ പിതാവിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ജംതാര ജില്ലയിലെ കർമാതർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പിതാവിനൊപ്പം പാടത്തേക്ക് പോവുകയായിരുന്ന പത്തു വയസ്സുകാരനായ മകൻ മിന്നലേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവും മറ്റ് രണ്ട് കുട്ടികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയതായും പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കാലത്തിന് മുന്നോടിയായി ഇടിമിന്നൽ ദുരന്തങ്ങൾ വർധിച്ചുവരുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

