ഡെലിവറി ജീവനക്കാർക്ക് ലിഫ്റ്റ് വിലക്കി, വ്യാപക പ്രതിഷേധം; പിന്നാലെ മാപ്പ് പറഞ്ഞ് ഹോട്ടൽ
text_fieldsമേഘന ഫുഡ്‌സും സാമൂഹിക മാധ്യമത്തിലെ പോസ്റ്റും
ബംഗളൂരു: ഡെലിവറി ജീവനക്കാർക്ക് ലിഫ്റ്റ് വിലക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ പരസ്യമായി മാപ്പു പറഞ്ഞ് പ്രമുഖ ബിരിയാണി ശൃംഖലയായ 'മേഘന ഫുഡ്‌സ്'. ഔട്ട്ലെറ്റുകളിലൊന്നിൽ സ്ഥാപിച്ച നോട്ടീസ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
"സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ബോയ്‌സിനെ ലിഫ്റ്റിൽ പ്രവേശിപ്പിക്കില്ല. ദയവായി പടികൾ ഉപയോഗിക്കുക" എന്നായിരുന്നു നോട്ടീസിൽ പറഞ്ഞത്. വലിയ ചർച്ചക്കാണ് ഈ നോട്ടീസ് കാരണമായിത്തീർന്നത്. ഇത്തരം ജോലി ചെയ്യുന്നവരെ വേറിട്ടു കാണുന്ന പ്രവണതയാണ് ഈ നോട്ടീസിൽ തെളിഞ്ഞു കാണുന്നത് എന്ന് പറഞ്ഞുകൊണ്ട് നിരവധി പേർ വിമർശനവുമായി രംഗത്തുവന്നു. 'നിങ്ങളുടെ ബിസിനസ് നന്നായി മുന്നോട്ട് പോകാൻ ഇവരൊക്കെ തന്നെയാണ് കാരണം. അവരെ നിരോധിക്കുന്നത് എന്തുതരം പെരുമാറ്റമാണ്' എന്നാണ് പലരും ചോദിച്ചത്. 'തൊഴിലിന്റെ അടിസ്ഥാനത്തിൽ ആളുകളോട് വിവേചനം കാണിക്കുന്ന പഴയ ശീലം ഇപ്പോഴും തുടരുന്നവരുണ്ട് എന്നാണ് ഈ സംഭവം കാണിക്കുന്നത്' എന്നാണ് മറ്റ് പലരും പ്രതികരിച്ചത്.
"ഇത് സമൂഹമാധ്യമങ്ങളിൽ എത്തിയില്ലായിരുന്നെങ്കിൽ, നിങ്ങളുടെ ടീം ശ്രദ്ധിക്കില്ലായിരുന്നു. ഡെലിവറി പങ്കാളികളെ നിങ്ങൾ കാര്യമാക്കുന്നില്ല, ലാഭം മാത്രമാണ് വലുതെന്ന് ഇത് കാണിക്കുന്നു. ഈ തീരുമാനം ലജ്ജാകരമാണ്, നിങ്ങളുടെ സേവനം നിലനിർത്തുന്നവരോട് ബഹുമാനമില്ലായ്മയാണ് ഇത് കാണിക്കുന്നത് -ഒരാൾ പ്രതികരിച്ചു.
"നിങ്ങളുടെ ബിസിനസിന്റെ 70 ശതമാനം ഡെലിവറി വഴിയാണ്. കഠിനാധ്വാനം ചെയ്യുന്ന ഇത്തരം ജീവനക്കാരോട് അനാദരവ് കാണിക്കുന്നതിന് മുമ്പ് നിങ്ങൾ ഇത് ആലോചിക്കണമായിരുന്നു" മറ്റൊരു ഉപഭോക്താവ് കുറിച്ചു. വിവാദം ഓൺലൈനിൽ ശ്രദ്ധ നേടിയ ശേഷം മാത്രമാണ് ക്ഷമാപണം വന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.
ഇൻസ്റ്റഗ്രാമിലൂടെയാണ് മേഘന ഫുഡ്‌സ് ക്ഷമാപണം നടത്തിയത്: 'ഞങ്ങളുടെ മേഘന ഫുഡ്‌സ് ഔട്ട്‌ലെറ്റുകളിൽ ഒന്നിൽ ഡെലിവറി പാർട്ർമാരോട് പടികൾ കയറാൻ പറയുന്ന ഒരു പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത് അടുത്തിടെ ശ്രദ്ധയിൽപ്പെട്ടു. തിരക്കേറിയ ലിഫ്റ്റുകളിൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യമെങ്കിലും, അതിലൂടെ ഞങ്ങളുടെ ഡെലിവറി പാർട്ണർമാരെ പരിഗണിക്കാതിരിക്കുകയായിരുന്നു. അത് തെറ്റായിരുന്നു. ആ നോട്ടീസ് ഒരിക്കലും പതിക്കാൻ പാടില്ലാത്തതായിരുന്നു' എന്നായിരുന്നു ഖേദപ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

