Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവപര്യന്തം തടവുകാരന് വിവാഹത്തിനായി 12 മണിക്കൂർ പരോൾ; വധു കംബോഡിയക്കാരി

text_fields
bookmark_border
Groom Mainpal Dhilla, bride Meta Chan
cancel
camera_alt

വരൻ മെയ്ൻപാൽ ധില്ല, വധു മെറ്റാ ചാൻ

ന്യൂഡൽഹി: കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളിക്ക് കംബോഡിയൻ കാമുകിയെ വിവാഹം കഴിക്കാൻ കോടതി 12 മണിക്കൂർ പരോൾ അനുവദിച്ചു. ഹരിയാനയിലെ ജജ്ജാർ ജയിലിൽ കഴിയുന്ന മെയ്ൻപാൽ ധില്ലയാണ് (Mainpal Dhilla) കനത്ത പൊലീസ് സുരക്ഷയിൽ തന്റെ കംബോഡിയൻ പങ്കാളിയായ മെറ്റാ ചാനിനെ (Meta Chan- 36) വിവാഹം കഴിച്ചത്. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് കോടതി കസ്റ്റഡി പരോൾ അനുവദിച്ചത്. ജജ്ജാർ-ഗുരുഗ്രാം റോഡിലെ ദുലീന ഫാം ഹൗസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ചടങ്ങുകൾ പൂർത്തിയാക്കി കൃത്യം എട്ടുമണിക്ക് തന്നെ ധില്ലയെ തിരികെ ജയിലിൽ എത്തിച്ചു.

2018ൽ ഹിസാർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ധില്ലക്ക് ആറാഴ്ചത്തെ പരോൾ ലഭിച്ചിരുന്നു. എന്നാൽ, പരോൾ കാലയളവ് കഴിഞ്ഞിട്ടും ഇയാൾ ജയിലിൽ തിരിച്ചെത്തിയില്ല. സോനു കുമാർ എന്ന വ്യാജപ്പേരിൽ വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കി കൊൽക്കത്ത, ബാങ്കോക്ക് വഴി കംബോഡിയയിലേക്ക് കടക്കുകയായിരുന്നു.

കംബോഡിയയിലെ സിയാം റീപ്പിൽ നൈറ്റ് ക്ലബ്ബും റെസ്റ്റോറന്റും ആരംഭിച്ച് ഇയാൾ പുതിയ ജീവിതം തുടങ്ങി. അവിടെവെച്ചാണ് മെറ്റാ ചാനിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. എട്ടു വർഷത്തോളം നീണ്ട ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്. വിവാഹത്തിനായി മെറ്റാ ചാനും മൂന്ന് കുട്ടികളും സെപ്റ്റംബർ 12ന് തന്നെ കംബോഡിയയിൽ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.

കൊലപാതകം, വധശ്രമം, മോഷണം, ക്രിമിനൽ ഗൂഢാലോചന, അനധികൃത ആയുധം കൈവശം വെക്കൽ തുടങ്ങി 22-ഓളം കേസുകളിൽ പ്രതിയാണ് മെയ്ൻപാൽ ധില്ല. 2007ലും 2010ലുമായി രജിസ്റ്റർ ചെയ്ത രണ്ട് കൊലപാതക കേസുകളിലാണ് ഇയാൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്. 2014ൽ ഭോണ്ട്‌സി ജയിലിൽ കഴിയവെ മറ്റൊരു തടവുകാരനെ കൊലപ്പെടുത്തിയ കേസിലും ഇയാളുടെ പേര് ഉൾപ്പെട്ടിരുന്നു

കംബോഡിയയിൽ ധില്ല ഒളിച്ചു കഴിയുന്ന വിവരം ലഭിച്ചതിനെ തുടർന്ന്, ഹരിയാന പൊലീസിന്റെ അഭ്യർഥന പ്രകാരം 2024 നവംബറിൽ സി.ബി.ഐ ഇന്റർപോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് 2025 ജൂലൈ 24ന് കംബോഡിയൻ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 2025 സെപ്റ്റംബറിൽ സി.ബി.ഐയുടെയും ഹരിയാന സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെയും നേതൃത്വത്തിൽ ധില്ലയെ ഇന്ത്യയിലേക്ക് നാടുകടത്തി ജജ്ജാർ ജയിലിൽ അടക്കുകയായിരുന്നു

ജജ്ജാർ ഡി.സി.പി ശുഭം സിങ്ങിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് വിവാഹ വേദിയിൽ ഒരുക്കിയിരുന്നത്. സായുധരായ പൊലീസ് ഉദ്യോഗസ്ഥരും സി.ഐ.എ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. അതിഥികളായി എത്തിയ 500-ഓളം പേരുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് വേദിയിലേക്ക് കടത്തിവിട്ടത്. പരമ്പരാഗത ചുവപ്പ് ലെഹങ്കയായിരുന്നു വധുവിന്റെ വേഷം. ചടങ്ങുകൾക്ക് ശേഷം മെറ്റാ ചാനും കുട്ടികളും ഒക്ടോബർ 10 വരെ ഭർതൃവീട്ടുകാർക്കൊപ്പം താമസിച്ച ശേഷം കംബോഡിയയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Convicted Murderer on Life Imprisonment Marries Cambodian Partner on Day Parole
Next Story