'എ.ഐ സൈനികന് പകരമാകില്ല, പക്ഷേ പോരാട്ടരീതികളെ മാറ്റും': ലെഫ്റ്റനന്‍റ് ജനറൽ പുനീത് അഹൂജ
text_fieldsന്യൂഡൽഹി: നിർമിത ബുദ്ധി സൈനികർക്ക് പകരമാവില്ലെന്നും എന്നാൽ അവർ പോരാടുന്ന രീതിയെയും അവരുടെ ശേഷികളെയും അത് മൗലികമായി മാറ്റുമെന്നും ആർമി ഹെഡ്ക്വാട്ടേഴ്‌സിലെ ഡയറക്ടർ ജനറൽ സ്ട്രാറ്റജിക് പ്ലാനിങ് ലെഫ്റ്റനന്റ് ജനറൽ പുനീത് അഹൂജ. ഒരു ദേശീയ മാധ്യമത്തിന്‍റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിലെ സംഘർഷങ്ങളിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടികൾ നേരിടാൻ കഴിയില്ലെന്നും നാളത്തെ യുദ്ധങ്ങൾക്ക് സജ്ജമാക്കുന്നതിനായി ഇന്ത്യൻ സൈന്യത്തെ പരിവർത്തനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും ലെഫ്റ്റനന്‍റ് ജനറൽ അഹൂജ പറഞ്ഞു.
"ലക്ഷ്യങ്ങൾ കണ്ടെത്തൽ, നിരീക്ഷണം, ലക്ഷ്യങ്ങളെ തിരിച്ചറിയൽ, ലോജിസ്റ്റിക്സും പ്രെഡിക്റ്റീവ് മെയ്ന്റനൻസും, കൃത്യതയാർന്ന പിന്തുണ, വൻതോതിലുള്ള ഡാറ്റ വിശകലനം ചെയ്യൽ, കൂടാതെ സൈബർ പ്രതിരോധം എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്," അഹൂജ പറഞ്ഞു.
ലോകം നിരന്തരമായ സംഘർഷങ്ങളുടെ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഭാവിയിലെ യുദ്ധങ്ങൾ പരമ്പരാഗത രീതികളെ പിന്തുടരണമെന്നില്ലെന്നും ലെഫ്റ്റനന്‍റ് ജനറൽ അഹൂജ മുന്നറിയിപ്പ് നൽകി. ഇന്നത്തെ ജാഗ്രത എന്നാൽ അതിർത്തികൾ നിരീക്ഷിക്കുന്നതിലും അപ്പുറമാണെന്നും വളർന്നുവരുന്ന സാങ്കേതികവിദ്യകളും മാറിക്കൊണ്ടിരിക്കുന്ന ഭീഷണികളും നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ, സൈബർ ഭീഷണികൾ, ബഹിരാകാശ വികസനങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, സ്വയം നിയന്ത്രിത സംവിധാനങ്ങൾ എന്നിവ നിരീക്ഷിക്കുക എന്നാണ്. ഉടനടി പ്രതികരിക്കാനുള്ള ശേഷി നിലനിർത്തുക എന്നതും ഇതിന്‍റെ ഭാഗമാണ്. അഹൂജ വ്യക്തമാക്കി.
നാളത്തെ യുദ്ധങ്ങൾ പരമ്പരാഗത ആയുധ പോരാട്ടങ്ങൾക്ക് പുറമെയുള്ള മേഖലകളിൽ നിന്നാകാം ആരംഭിക്കുന്നതെന്ന് അഹൂജ പറഞ്ഞു. ഭാവിയിലെ യുദ്ധം ആരംഭിക്കുന്നത് ഒരു പരമ്പരാഗത മിസൈൽ ആക്രമണത്തിലൂടെയാകണമെന്നില്ല. അത് ഒരുപക്ഷേ സൈബർ ആക്രമണം, സാറ്റലൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തൽ, ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതാക്കൽ, കൂടാതെ മാനസിക തന്ത്രങ്ങൾ എന്നിവയിലൂടെയുമാകാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

