‘കള്ളം നൂറുതവണ ആവർത്തിച്ചാലും സത്യമാകില്ല’; രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ജെ.പി.നദ്ദ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ജെ.പി. നദ്ദ. കേവലമായ ആരോപണങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ തെറ്റെന്ന് തെളിഞ്ഞിട്ടും പ്രതിപക്ഷ നേതാക്കൾ അത് ആവർത്തിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും നദ്ദ ആരോപിച്ചു.
‘‘കള്ളം നൂറുതവണ ആവർത്തിച്ചാലും അത് സത്യമാകില്ല. സത്യത്തെ ഒരിക്കലും പരാജയപ്പെടുത്താനാകില്ല’’ രാഹുൽ ഗാന്ധിയെ നേരിട്ട് പരാമർശിച്ചാണ് നദ്ദ പ്രസ്താവിച്ചത്. തെരഞ്ഞെടുപ്പ് കമീഷനിലെ എല്ലാ അംഗങ്ങളും ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ടും പ്രതിപക്ഷം വീണ്ടും അതേ വിഷയങ്ങൾ ഉന്നയിക്കുകയാണ്.
ആരോപണങ്ങൾ ഉന്നയിച്ച് അവർ മുന്നോട്ടുപോകുന്നു. എന്നാൽ പൊതുതാൽപര്യവുമായി അതിന് ബന്ധമില്ല. തെരഞ്ഞെടുപ്പ് കമീഷനും രാജ്യത്തെ ഉന്നത നീതിപീഠങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിലെ വസ്തുതകൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് നദ്ദയുടെ അവകാശവാദം.
രാജ്യത്തിന്റെ അന്തരീക്ഷം കലുഷിതമാക്കാനും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഭരണഘടനാ സ്ഥാപനങ്ങളെയും സ്വതന്ത്ര സ്ഥാപനങ്ങളെയും നിരന്തരം ചോദ്യം ചെയ്യുന്നതാണ് രാഹുൽ ഗാന്ധി, കെജ്രിവാൾ, അഖിലേഷ് യാദവ്, മമത ബാനർജി തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയമെന്നും നദ്ദ കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനുമെതിരെയും രൂക്ഷമായി നദ്ദ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുപ്പ് കമീഷനെതിരായ ആരോപണം ശക്തമാക്കിയിരുന്നു. ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാർ ബി.ജെ.പിയുടെ ആശയം പ്രചരിപ്പിക്കുന്ന നിലയിലെത്തിയെന്ന് ഖാർഗെ തുറന്നടിച്ചു. കേരളത്തിലെ ഒരു ചീഫ് സെക്രട്ടറിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെ ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ഇലക്ഷൻ കമീഷണർ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടതായി കേരള ചീഫ് സെക്രട്ടറി പറഞ്ഞുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. അതുകൊണ്ട് സ്ഥാനത്തിന്റെ വിശ്വാസ്യതയെ ചോദ്യമുനയിലാക്കിയ ചീഫ് ഇലക്ഷൻ കമീഷണർ രാജിവെക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

