അനധികൃത കോളനികൾ വികസനത്തിന് ബാധ്യത-സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നഗരങ്ങളിൽ കൂണുകൾ പോലെ മുളച്ചു പൊന്തുന്ന അനധികൃത കോളനികൾ വികസനത്തിന് വൻ ബാധ്യതയാവുകയാണെന്നും ഇതിന് തടയിടാൻ സംസ്ഥാന സർക്കാറുകൾ അടിയന്തര കർമപദ്ധതി തയാറാക്കണമെന്നും സുപ്രീംകോടതി. അനധികൃത കോളനികൾ കണ്ടെത്തി റിപ്പോർട്ട് നൽകാൻ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കര നാരായണനെ അമിക്കസ് ക്യൂറിയാക്കി നിയമിച്ച കോടതി രണ്ടാഴ്ചക്കകം സംസ്ഥാനങ്ങളോട് പ്രതികരണം തേടി റിപ്പോർട്ട് നൽകാനും അമിക്കസ് ക്യൂറിയോട് നിർദേശിച്ചു.
സാമൂഹിക പ്രവർത്തകൻ ജുവ്വാദി സാഗർ റാവു സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. രാജ്യത്തെ നഗരങ്ങളിലെല്ലാം പൊട്ടിമുളക്കുന്ന കോളനികൾ ഗുരുതര വികസന പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഹൈദരാബാദിലും കേരളത്തിലുമടക്കം പ്രളയങ്ങളുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചേ തീരൂ. അനധികൃത നിർമാണങ്ങൾക്ക് സർക്കാറുകൾ പിന്നീട് അനുമതി നൽകുന്നത് വികസന പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നതായി ഹരജിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

