യു.എസ് സാമാജികരുടെ കത്ത്; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി ബി.ജെ.പി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്‍റെ കാര്യത്തിൽ ഒരു സംഘം അമേരിക്കൻ സാമാജികർ ആശങ്ക അറിയിച്ച് കത്തെഴുതിയതിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി രംഗത്ത്.
കത്തിന് പിന്നിലുള്ളത് ഇന്ത്യാ വിരുദ്ധ സംഘമാണെന്നും എട്ടംഗ സംഘത്തിലെ ജാൻ ഷകോവ്‌സ്കി 2024ൽ ഇന്ത്യാ വിരുദ്ധനായ ഇൽഹാൻ ഒമറിനോടൊപ്പം രാഹുൽ ഗാന്ധിയെ കണ്ടിരുന്നുവെന്നും അതിനാൽ രാഹുൽ ഗാന്ധിക്ക് ഇതിൽ ബന്ധമുണ്ടെന്നുമാണ് ആരോപണം.
വിദേശത്ത് ഇന്ത്യാ വിരുദ്ധ നീക്കം എപ്പോൾ നടന്നാലും അതിലൊക്കെ രാഹുൽ ഗാന്ധിയുടെ പേര് ഉയർന്നുവരാറുണ്ടെന്ന് ബി.ജെ.പി നേതാവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയതിന്‍റെ തൊട്ടടുത്ത വർഷം ജാൻ ഷകോവ്‌സ്കി അന്താരാഷ്‍ട്ര തലത്തിലുള്ള ഇസ്‍ലാംവിരോധം ചെറുക്കുന്നതിനുള്ള നിയമം അവതരിപ്പിച്ചെന്നും, ഇന്ത്യ മുസ്‍ലിം സമൂഹത്തെ അടിച്ചമർത്തുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
അതേ ജാൻ ഷകോവ്‌സ്കിയാണ് കലാപവും അക്രമവുമായി ബന്ധപ്പെട്ട ഗൗരവമേറിയ കേസുകളിൽ യു.എ.പി.എ ചുമത്തപ്പെട്ട പ്രതിക്കുവേണ്ടി കത്തെഴുതിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയെ ദുർബലപ്പെടുത്താനും കേന്ദ്ര സർക്കാറിനെ അപകീർത്തിപ്പെടുത്താനും ഭീകരവിരുദ്ധ നിയമങ്ങൾ മയപ്പെടുത്താനും ശ്രമിക്കുന്നവർ ആരായാലും അവർ രാഹുൽ ഗാന്ധിയോടൊപ്പം നിലകൊള്ളുമെന്ന് അദ്ദേഹം ആക്ഷേപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

