‘പ്രിയ കൊറോണ, ഞങ്ങൾ പൊരുതാൻ തീരുമാനിച്ചിരിക്കുന്നു’
text_fieldsഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോകുകയാണ് കോവിഡ് കാലത്ത് ഒാരോരുത്തരും. കോവിഡും ലോക്ഡൗണും ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാൻ പത്താം ക്ലാസുകാരി പ്രിയങ്ക ഭട്ട് കൊറോണക്കെഴുതിയ കത്ത് വായിച്ചാൽ മതി. പ്രതിസന്ധി കാലം പുതുതലമുറയിൽ വളർത്തിയ ആത്മവിശ്വാസവും ഈ കത്തിൽ തെളിഞ്ഞ് കാണാം. കത്തിതാണ്:
പ്രിയ കൊറോണവൈറസ്,
മോശപ്പെട്ട അവസ്ഥകളിൽ പോലും, അതിലെ സാധ്യതയെ കണ്ടെത്താനും ഉപയോഗപ്പെടുത്താനുമാണ് ഞാൻ കുട്ടിക്കാലം മുതൽ ശ്രമിച്ചിരുന്നത്. രോഗിയായതിനാൽ സ്കൂളിൽ പോകാനാകാതെ വീട്ടിൽ കുടുങ്ങിയ അവസരത്തിൽ ഇഷ്ടെപ്പട്ട ടി.വി ഷോകൾ കാണാൻ ഉപയോഗപ്പെടുത്തിയ അനുഭവം എനിക്കുണ്ട്.
സ്കൂളിൽ നിന്ന് മടങ്ങുേമ്പാൾ റോഡിലെ മടുപ്പിക്കുന്ന ട്രാഫിക് ജാമുകളിൽ അകപ്പെട്ടാൽ, ചെറുതായൊന്ന് മയങ്ങാനും വീട്ടിലേക്ക് തിരിച്ചെത്തുേമ്പാൾ ക്ഷീണമെല്ലാം മാറി ഊർജസ്വലയാകാനുമുള്ള അവസരമായാണ് ഞാൻ കണ്ടിരുന്നത്.
എന്നാൽ, നീ വിതച്ച മഹാമാരിയെ കുറിച്ച് കേട്ടതു മുതൽ ഒരു ഭീതി എല്ലാത്തിനെയും മൂടുകയാണ്. കുറച്ച് ആഴ്ചകളായി ഭീതിയും ആശങ്കകളും വർധിക്കുകയാണ്. നീ എന്നെ ശരിക്കും ഭയപ്പെടുത്തിയിരിക്കുന്നു.
സ്കൂൾ ഇങ്ങനെ അനന്തമായി അടച്ചിടുന്നതിൽ ഞാൻ അസ്വസ്ഥയാണ്. കച്ചവടക്കാരും അവരുടെ ജീവനക്കാരുമെല്ലാം ജീവിതോപാധി നിലച്ച അവസ്ഥയിലാണ്. ഈ ലോക്ഡൗൺ എടുത്തുമാറ്റിയാൽ രോഗം പടരുമോയെന്ന പേടിയും എനിക്കുണ്ട്.
ആധുനിക ആരോഗ്യ രക്ഷാ സംവിധാനങ്ങളുള്ള അമേരിക്കക്ക് പോലും നിൻെറ ഭീഷണി നേരിടാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യ പോലെ ഒരു രാജ്യം നിൻെറ ആക്രമണത്തിൽ എങ്ങനെയാകും ?

നിൻെറ ആക്രമണത്തെ ചെറുക്കാൻ ഞങ്ങൾ സാമൂഹിക അകലം പാലിച്ച് തുടങ്ങിയിരിക്കുന്നു. സ്കൂളുകളും മാളുകളും സിനിമാശാലകളും അടച്ചിട്ടിരിക്കുന്നു. ഒാരോരുത്തരും പരസ്പരം ശാരീരിക അകലം പാലിക്കാൻ തുടങ്ങിയിരിക്കുന്നു.
അതെ, ഞങ്ങൾ നിന്നോട് പൊരുതാൻ തീരുമാനിച്ചിരിക്കുന്നു, ഞങ്ങളുടെ മുഴുവൻ കഴിവും ഉപയോഗിച്ച്...
മനുഷ്യർ നിന്നെ തോൽപിക്കാൻ ശ്രമിക്കുന്നതിന് ഉദാഹരണങ്ങൾ നിരവധിയാണ്. ആയിരങ്ങൾ മരിച്ച ഇറ്റലിയിൽ നിന്നുള്ള ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. ആത്മവിശ്വാസം തിരിച്ച് പിടിക്കാൻ ആളുകൾ ബാൽകണിയിൽ നിന്ന് പാട്ടുകൾ പാടുന്നു. അവഗണിക്കപ്പെട്ടവർക്ക് ഭക്ഷണവും മാസ്കും വിതരണം ചെയ്യുന്ന ബംഗളുരുവിലെ ഒരു വനിതയെ കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്.
കൊറോണ, ഞാൻ അനുഭവിക്കുന്ന ആദ്യ ദുരന്തമാണ് നീ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കായി ഞാൻ പ്രാർഥിക്കുന്നുണ്ട്. രോഗം ബാധിച്ചവർ പെട്ടെന്ന് സുഖം പ്രാപിക്കാനും ഞാൻ പ്രാർഥിക്കുന്നു.
മനുഷ്യർ ഈ ദുരന്തത്തെ ഒന്നായി നേരിടും. ഈ ദുരന്തകാലത്തിന് ശേഷം ഞങ്ങൾ കൂടുതൽ കരുത്തരും ബുദ്ധിശാലികളും ആയിമാറിയിട്ടുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
