ഒന്നിച്ചുനീങ്ങാം- വിജയിയോട് എടപ്പാടി
text_fieldsചെന്നൈ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പൊതു രാഷ്ട്രീയ ശത്രുവായ ഡി.എം.കെയെ നേരിടാൻ ഒന്നിച്ചുനീങ്ങണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി (ഇ.പി.എസ്) വിജയ് യെ ഫോണിൽ വിളിച്ച് സംസാരിച്ചു.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ആശ്വസിപ്പിക്കാൻ എന്ന നിലയിലാണ് വിളിച്ചതെങ്കിലും ഡി.എം.കെയെയും സ്റ്റാലിനെയും അധികാരത്തിൽനിന്ന് നിഷ്‍കാസനം ചെയ്യാൻ രാഷ്ട്രീയകക്ഷികൾ ഒന്നിച്ച് അണിനിരക്കേണ്ടതിന്റെ ആവശ്യകത ഇ.പി.എസ് ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിക്കാത്ത വിജയ്, മുന്നണി ബന്ധം സംബന്ധിച്ച് ജനുവരിയിൽ പൊങ്കൽ ആഘോഷത്തിനുശേഷം തീരുമാനമെടുക്കാമെന്നാണ് അറിയിച്ചത്. നിലവിൽ കരൂർ ദുരന്തത്തിൽ ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതിനും പ്രചാരണ പര്യടനം പുനരാരംഭിക്കുന്നതിനുമാണ് താൻ പ്രാമുഖ്യം നൽകുന്നതെന്നും വിജയ് വ്യക്തമാക്കി. ഇ.പി.എസുമായി കൂടിക്കാഴ്ച നടത്താമെന്നും വിജയ് ഉറപ്പുനൽകിയിട്ടുണ്ട്.
കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് എടപ്പാടി പളനിസാമി വിജയ് യുമായി ബന്ധപ്പെട്ടത്. ഫോൺ സംസാരം അര മണിക്കൂർ നീണ്ടു. ആന്ധ്ര ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാണിന്റെ ഇടപെടലിനെ തുടർന്നാണ് ഫോൺവിളിക്ക് സാഹചര്യമൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

