ടി.വി താരം അമ്രീൻ ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ച് സൈന്യം; മൂന്ന് ദിവസത്തിനിടെ ഏറ്റുമുട്ടലിൽ 10 പേരെ വധിച്ചു
text_fieldsശ്രീനഗർ: ടി.വി താരം അമ്രീൻ ഭട്ടിന്റെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെള്ളിയാഴ്ച പുലർച്ചെ കശ്മീരിലെ അവന്തിപോരയിൽ നടത്തിയ ഏറ്റമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് സൈന്യം അറിയിച്ചു.
ടി.വി താരത്തിന്റെ കൊലപാതകകേസ് 24 മണിക്കുറിനുള്ളിൽ തന്നെ തീർക്കാനായെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. ഷാക്കീർ അഹമ്മദ് വാസ, അഫ്രീൻ അഫ്താബ് മാലിക് എന്നീ ഭീകരരാണ് ഇന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി സൗര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടുവെന്നും കശ്മീർ പൊലീസ് അറിയിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 10 ഭീകരരെ വധിച്ചുവെന്ന് ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.
ഇവരിൽ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കശ്മീർ ടി.വി താരം അമ്രീൻ ഭട്ട് സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്. ബുദ്ഗാമിലെ ഹിഷ്റൂ ഗ്രാമത്തിലായിരുന്നു സംഭവം. അവരുടെ ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ലശ്കർ ഭീകരരാണ് സംഭവത്തിന് പിന്നിലെന്ന് കശ്മീർ പൊലീസ് അറിയിച്ചിരുന്നു.

