ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ; അമിത് ഷായുടെ 'ഹിന്ദി ശത്രുവല്ല' പരാമർശത്തിനെതിരെ കനിമൊഴി
text_fieldsന്യൂഡൽഹി: ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തോടെ ഹിന്ദിഭാഷ വിവാദം വീണ്ടും കൊഴുക്കുന്നു. അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തി. ഹിന്ദി ആരുടെയും ശത്രുവല്ലെങ്കിൽ ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ എന്നായിരുന്നു കനിമൊഴിയുടെ മറുപടി.
'ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കിൽ തമിഴും മറ്റൊരു ഭാഷയുടെയും ശത്രുവല്ല. ഉത്തരേന്ത്യയിൽ ഹിന്ദി ഭാഷ സംസാരിക്കുന്ന ഭൂരിപക്ഷം ആളുകളും ഒരു ദക്ഷിണേഷ്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർത്ഥ ദേശീയോദ്ഗ്രഥനം' എന്നായിരുന്നു കനിമൊഴിയുടെ മറുപടി. പ്രത്യക്ഷത്തിൽ അമിത് ഷായുടെ പേര് പരാമർശിക്കാതെയാണ് കനിമൊഴി മറുപടി പറഞ്ഞത്.
ഹിന്ദിഭാഷയെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ ശക്തമായ എതിർപ്പാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ പ്രകടിപ്പിക്കുന്നത്. ഹിന്ദിഭാഷ നിർബന്ധിതമായി നടപ്പിലാക്കാനുള്ള പിൻവാതിൽ ശ്രമമാണിതെന്ന് തമിഴ്നാട് സർക്കാർ ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിനാൽ സംസ്ഥാനത്തിന് അർഹതപ്പെട്ട വിദ്യാഭ്യാസ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
ഔദ്യോഗിക ഭാഷാവകുപ്പ് സുവർണജൂബിലി ആഘോഷത്തിൽ സംസാരിക്കവെയായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശം. ഹിന്ദി ഇന്ത്യൻ ഭാഷകളുടെ സുഹൃത്താണെന്നും വരും വർഷങ്ങളിൽ മെഡിക്കൽ-എൻജിനീയറിങ് വിദ്യാഭ്യാസം പ്രാദേശികഭാഷയിൽ നൽകണമെന്നും അമിത് ഷാ പറഞ്ഞു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്ക് ഉടൻ തന്നെ ലജ്ജ തോന്നുമെന്നും അത്തരമൊരു സമൂഹത്തിന്റെ രൂപീകരണം ആസന്നമായെന്നും അമിത് ഷാ നേരത്തെ പരാമർശിച്ചത് വിവാദമായതിനു തൊട്ടുപിന്നാലെയാണ് ഹിന്ദി ഭാഷ ആരുടെയും ശത്രുവല്ല എന്ന പരാമർശം അദ്ദേഹം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

