മാധ്യമങ്ങൾക്ക് മസാല വാർത്തകൾ നൽകരുതെന്ന് ബി.ജെ.പി നേതാക്കൾക്ക് മോദിയുടെ നിർദേശം
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെയുള്ള വാർത്തകൾക്ക് മാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിഞ്ഞിരിക്കുന്നു. അവർക്ക് പ്രസിദ്ധീകരിക്കാനായി നിങ്ങൾ മസാല പുരട്ടിയ വാർത്തകൾ നൽകാതിരിക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നാണ് മോദിയുടെ ഉപദേശം. മൊബൈൽ ആപ് വഴി ബി.ജെ.പി എം.എൽ.എമാരോടും എം.പി മാരോടം സംവദിക്കുന്നതിനിടെയായിരുന്നു മോദിയുടെ നിർദേശം.
പാർട്ടിയെക്കുറിച്ചോ നയങ്ങളെക്കുറിച്ചോ സംസാരിക്കാൻ നിങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെങ്കിൽ വെറുതെ സംസാരിച്ച് പുലിവാല് പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചു. ബലാൽസംഗത്തെക്കുറിച്ചും ശാസ്ത്ര സംബന്ധിയായ വിഷയങ്ങളെക്കുറിച്ചും പട്ടികജാതിക്കാർക്കെതിരായ അക്രമങ്ങളെക്കുറിച്ചും സംസാരിച്ച് മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കൾ വിവാദത്തിൽ അകപ്പെട്ട സാഹചര്യത്തിലാണ് മോദി നിർദേശം നൽകിയത്.
'തെറ്റ് പറയുകയും പ്രവർത്തിക്കുകയും ചെയ്ച് മസാല പുരണ്ട വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നത് നമ്മളാണ്. കാമറ കാണേണ്ട താമസം, സാമൂഹ്യ ശാസ്ത്രജ്ഞരേയും വിദഗ്ധരേയും പോലെ നിങ്ങൾ സംസാരിച്ചു തുടങ്ങുന്നു. കാമറക്ക് മുന്നിലെത്തുമ്പോൾ ഉപദേശികളെപ്പോലെ സംസാരിച്ചു തുടങ്ങരുത്. മാധ്യമങ്ങൾ അവരുടെ ജോലി ചെയ്യട്ടെ'- മോദി മുന്നറിയിപ്പ് നൽകി.
ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും അവിടെ നടക്കുന്ന രണ്ടോ മൂന്നോ ബലാൽസംഗങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വാർ പറഞ്ഞതിന് തൊട്ടുപുറകെയായിരുന്നു മോദിയുടെ ശകാരമെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
