കശ്മീരിൽ വീണ്ടും പുള്ളിപ്പുലി ആക്രമണം, മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ബാരമുല്ല ജില്ലയിൽ ഒരാഴ്ചക്കിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഉറിയിലെ കൽസൻഘാട്ടി, ബോണിയാർ എന്നീ പ്രദേശങ്ങളിലാണ് കുട്ടികൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം 12 വയസുകാരിയായ റുത്ബ മൻസൂർ എന്ന പെൺകുട്ടി പുലിയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. തുടർന്ന് വന്യജീവി വകുപ്പിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ ശ്രീനഗർ-ഉറി ഹൈവേ ഉപരോധിച്ചു. നേരത്തെ, 13കാരനായ ഷാഹിദ് അഹമ്മദും 15കാരനായ മുനീർ അഹമ്മദും പുലിയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
മനുഷ്യരുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പുള്ളിപ്പുലിയെ പിടികൂടാനോ കൊല്ലാനോ ബാരമുല്ല ഡെപ്യൂട്ടി കമീഷണർ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. കൂടുകൾ സ്ഥാപിക്കുന്നതിനു പുറമേ മൃഗത്തെ കൊല്ലാൻ വേട്ടക്കാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് മുതിർന്ന വന്യജീവി ഓഫീസർ പറഞ്ഞു.
മനുഷ്യ ജീവനും വന്യജീവി സംരക്ഷണത്തിനും മുൻതൂക്കം നൽകി കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ആവശ്യമെങ്കിൽ സൈനിക, അർധ സൈനിക വിഭാഗങ്ങളുടെ സഹായം തേടുമെന്നും ബാരമുല്ല ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.