ആറുവയസുകാരിക്ക് നേരെ പുലിയുടെ ആക്രമണം; വടികൊണ്ട് തുരത്തിയോടിച്ച് അമ്മ
text_fieldsമകളെ രക്ഷിക്കാൻ ജീവൻ പണയം വച്ച് പുലിയെ കീഴ്പ്പെടുത്തി അമ്മ. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് സംഭവം. ആറ് വയസ്സുകാരി കാജലിനാണ് പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വീടിന് പുറത്ത് കലിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നേർക്ക് പുലി ചാടിയെത്തുകയും കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് പുലിയെത്തിയ വിവരം അമ്മ അറിയുന്നത്. ഇതോടെ കൈയ്യിൽ കിട്ടിയ വടിയുപയോഗിച്ച് പുലിയെ അടിക്കുകയായിരുന്നു. ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ പുലി പെൺകുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് മടങ്ങി. സംഭവ സ്ഥലം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
പുലിയുടെ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ശിവ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കുട്ടിയുടെ തലയിലും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.