ലഡാക്ക് ചർച്ച വഴിമുട്ടി; ഏറ്റുമുട്ടൽ പാതയിലുള്ള കേന്ദ്രവുമായി ചർച്ചക്കില്ലെന്ന് എൽ.ബി.എ
text_fieldsന്യൂഡൽഹി: പൊലീസ് വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെടുകയും നിരാഹാര സമരത്തിനിരുന്ന സോനം വാങ്ചുക് അടക്കമുള്ള നേതാക്കളെ ജയിലിലടക്കുകയും ചെയ്ത് കേന്ദ്ര സർക്കാർ ഏറ്റുമുട്ടലിന്റെ പാത തെരഞ്ഞെടുത്തിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതിയുമായി ചർച്ചക്കില്ലെന്ന് ലേ അപക്സ് ബോഡി (എൽ.ബി.എ) പ്രഖ്യാപിച്ചു.
സംസ്ഥാന പദവിയും ഭരണഘടന ആറാം പട്ടിക പ്രകാരമുള്ള സംരക്ഷണവും അടക്കമുള്ള നാല് ആവശ്യങ്ങളിൽ ഇന്ന് നടക്കാനിരുന്ന ചർച്ചയിൽനിന്നാണ് എൽ.ബി.എ അവസാന മണിക്കൂറിൽ നാടകീയമായി പിന്മാറിയത്. ലഡാക്കിൽ ജനജീവിതം സാധാരണ നിലയിലാകുകയും ചർച്ചക്ക് അനുകൂല അന്തരീക്ഷം രൂപപ്പെടുകയും ചെയ്യാതെ ഇനി സംഭാഷണത്തിനില്ലെന്ന് നേതാക്കൾ പറഞ്ഞു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട, കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്കുവേണ്ടി പോരാടിയ മുൻ സൈനികന്റെ ഭൗതിക ശരീരം വൻസുരക്ഷാ സന്നാഹത്തിൽ സംസ്കരിച്ചതിന് പിന്നാലെയാണ് എൽ.എ.ബി ചെയർമാൻ തപ്സ്ഥാൻ ചെവാങ് ചർച്ചയിൽനിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്.
ലഡാക്കിൽ ഇപ്പോഴുള്ള ഭയത്തിന്റെയും ദുഃഖത്തിന്റെയും രോഷത്തിന്റെയും അന്തരീക്ഷത്തെ അഭിമുഖീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും കേന്ദ്രഭരണ പ്രദേശ അധികാരികളോടും അദ്ദേഹം ആവശ്യപ്പെട്ടു. 70 വർഷത്തെ പോരാട്ടത്തിനൊടുവിൽ 2019ൽ നിയമസഭ പോലുമില്ലാത്ത കേന്ദ്ര ഭരണപ്രദേശ പദവിയാണ് ലഡാക്കിന് കേന്ദ്ര സർക്കാർ അനുവദിച്ചത്.
ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ലഡാക്കിലെ ജനാധിപത്യംകൂടി എടുത്തുകളഞ്ഞതാണ് ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഏറ്റവുമൊടുവിലത്തെ സമരത്തിലേക്ക് തങ്ങളെ കൊണ്ടെത്തിച്ചത്. ലഡാക്കിനുള്ള പരിരക്ഷ നൽകുമെന്നായിരുന്നു ആദ്യം കേന്ദ്രം ഉറപ്പുനൽകിയിരുന്നത്.
നാല് ആവശ്യങ്ങളിന്മേലുള്ള ചർച്ച അഞ്ചര വർഷമായിട്ടും തുടരുകയാണെന്നും എൽ.ബി.എ നേതാവ് പറഞ്ഞു. അതിനിടെ കർഫ്യൂവിൽ തിങ്കളാഴ്ച രണ്ട് മണിക്കൂർ ഇളവ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

