ബക്രീദ്: കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ; ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം നൽകും -സ്പീക്കർ
text_fieldsമഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ
മുംബൈ: കന്നുകാലി കശാപ്പ് വിലക്കുന്നതിനും ഗോവധം കർശനമായി നിരോധിക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ. മെയ് 28ന് നടക്കുന്ന ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ചാണ് സ്‌പീക്കർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഡി.ജി.പിക്കും മുംബൈ പൊലീസ് കമീഷണർക്കും സ്പീക്കർ പ്രത്യേകം കത്തയച്ചു. ഗോവധ നിരോധന നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പൊലീസ് മേധാവികൾക്കയച്ച കത്തിൽ മാലെഗാവ്-നാസിക്, അഹില്യനഗർ, ഛത്രപതി സംഭാജിനഗർ, സതാര, ധാരശിവ്, ധുലെ, സോലാപൂർ തുടങ്ങിയ ജില്ലകളിൽ പ്രത്യേക പൊലീസ് പട്രോളിങ്ങും സുരക്ഷാ ക്രമീകരണങ്ങളും വർധിപ്പിക്കാൻ നിർദേശമുണ്ട്.
അതേസമയം, ഗോരക്ഷകർക്ക് നേരെയുണ്ടാകാൻ സാധ്യതയുള്ള ആക്രമണങ്ങളിൽ സ്പീക്കർ ആശങ്ക രേഖപ്പെടുത്തി. ഇത്തരത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടു. സ്പീക്കറുടെ നിർദ്ദേശത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

