`ഇതൊരു പ്രേമലേഖനം, ബി.ജെ.പിക്ക് അവഗണിക്കാന്‍ കഴിയാത്ത രാഷ്ട്രീയ ശക്തിയായി ഞാന്‍ മാറി': ഓപറേഷന്‍ ലോട്ടസ് ആരോപണത്തിൽ ഉമർ അബ്ദുല്ലക്ക് വക്കീൽ നോട്ടീസ്
text_fieldsജമ്മുകശ്മീർ: നാഷണൽ കോൺഫറന്‍സ് എം.എൽ.എമാരെ വിലക്ക് വാങ്ങാന്‍ ബി.ജെ.പി ശ്രമിക്കുന്നെവെന്ന ആരോപണം ജമ്മു കശ്മീർ മുഖ‍്യമന്ത്രി ഉമർ അബ്ദുല്ലയും ബി.ജെ.പിയും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിലേക്കാണ് വഴിവെച്ചിരിക്കുന്നത്. സംഭവവികാസങ്ങൾക്ക് പിന്നാലെ അപകീർത്തികേസിൽ ഉമർ അബ്ദുല്ലക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ജമ്മു കശ്മീരിലെ ബി.ജെ.പി യൂണിറ്റ്. എന്നാൽ 100 കോടി നഷ്ടപരിഹാരം ആവശ‍്യപ്പെട്ട് ബി.ജെ.പി അയച്ച നോട്ടീസിനെ വെറും പ്രേമലേഖനമായാണ് താന്‍ കാണുന്നതെന്ന് ഉമർ അബ്ദുല്ല പരിഹസിച്ചു.
ഇതിനെ തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ഇവിടത്തെ ബി.ജെ.പിക്ക് അവഗണിക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ ശക്തിയാണ് താനെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. `എനിക്ക് ഒരു അഭിഭാഷകനിൽ നിന്ന് ഒരു കത്ത് ലഭിച്ചു. ജമ്മു കശ്മീരിലെ ബി.ജെ.പിയിൽ നിന്ന് ഇതുപോലൊരു പ്രണയലേഖനം ലഭിച്ച ഒരേയൊരു രാഷ്ട്രീയക്കാരൻ ഞാനാണ് എന്നതിനാൽ ഇത് ഒരു വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ജമ്മു കശ്മീരിലെ ഒരു രാഷ്ട്രീയ ശക്തിയാണ് ഞാൻ എന്ന് അവർക്ക് അവഗണിക്കാൻ കഴിയാത്ത ഒരു ബഹുമാന സൂചകമായി ഞാൻ കരുതുന്നു' മുഖ്യമന്ത്രി ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു. താന്‍ രാഷ്ട്രീയപരമായ പ്രസ്താവനയായിരുന്നു നടത്തിയതെന്നും ഇതിന് ബി.ജെ.പി അതേ രീതിയിൽ തന്നെ മറുപടി തരുമെന്നും പ്രതീക്ഷിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ പോരാട്ടത്തിന്‍റെ ഉദാഹരണമാണിത്. രാഷ്ട്രീയ പോരാട്ടങ്ങൾ കോടതിയുടെ മറവിലൊളിച്ച് കൈകാര്യം ചെയ്യുന്നു. അതേ സമയം വിഷയം നിയമസഭയിലുന്നയിക്കാതെ താന്‍ പുറത്ത് നിന്നും ചോദ്യം ചെയ്തതിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നേതാവ് പല തവണ തങ്ങൾക്ക് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയപരമായാണ് പോരാടിയത്. ബി.ജെ.പിയെ പോലെ ഇത്തരം രാഷ്ട്രീയ പോരാട്ടങ്ങളിൽ കോടതിയെ ആശ്രയിക്കുന്ന പ്രവണത തങ്ങളും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ശ്രീനഗറിൽ തന്‍റെ മുത്തശ്ശി ബീഗം അക്ബർ ജഹാന്‍റെ ചരമവാർഷികത്തിനിടെ സംസാരിക്കവെയാണ് ബി.ജെ.പി എം.എൽ.എമാർക്കെതിരെ ആരോപണവുമായി ഉമർ അബ്ദുല്ല രംഗത്തെത്തിയത്.
ജമ്മു മേഖലയിലെ ഒരു നാഷനൽ കോൺഫറൻസ് എം.എൽ.എ തന്നെ നേരിട്ട് സമീപിച്ച് വിവരം പങ്കുവെച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയിലെ ഒരു ഭാരവാഹിയും സുപ്രീംകോടതിയിലെ അഭിഭാഷകനുമായ ഒരാൾ 20 മുതൽ 30 കോടി രൂപയും ഒപ്പം മന്ത്രിസ്ഥാനവും കൂടാതെ സംസ്ഥാന പദവി തിരികെ നൽകുമെന്ന ഉറപ്പും വാഗ്ദാനം ചെയ്ത് പിന്തുണ തേടിയെന്നാണ് ആ എം.എൽ.എ അറിയിച്ചതെന്ന് ഒമർ അബ്ദുല്ല പറഞ്ഞു.
"ജനങ്ങളുടെ വിശ്വാസം പണംകൊണ്ട് വാങ്ങാനാകുമെന്ന് അവർ കരുതുകയാണ്. എന്നാൽ നമ്മുടെ എം.എൽ.എമാർ അങ്ങനെയല്ല," അദ്ദേഹം പറഞ്ഞു. നാഷനൽ കോൺഫറൻസിലെ ഒരു എം.എൽ.എ പോലും പണത്തിനുവേണ്ടി സ്വന്തം രാഷ്ട്രീയ വിശ്വാസമോ ആത്മാഭിമാനമോ വിറ്റഴിക്കില്ലെന്നും ഒമർ അബ്ദുല്ല വ്യക്തമാക്കി. "20 കോടി രൂപക്കോ 100 കോടി രൂപക്കോ നമ്മുടെ എം.എൽ.എമാരിൽ ആരും സ്വന്തം സത്യസന്ധത വിട്ടുകൊടുക്കില്ല. ജനങ്ങളോടും ദൈവത്തോടുമാണ് ഞങ്ങൾ ഉത്തരവാദികൾ," അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

