തെരഞ്ഞെടുപ്പ് കമീഷനെതിരായ പ്രക്ഷോഭം 'ഇൻഡ്യ' മുന്നണിക്ക് പുറത്തേക്കും വ്യാപിപ്പിക്കണം; പൗരസമൂഹത്തോട് ആഹ്വാനം ചെയ്ത് ഇടതുപക്ഷം
text_fieldsഎം.എ ബേബി, പി. സന്തോഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യമുയർത്തി നടക്കുന്ന പ്രക്ഷോഭം 'ഇൻഡ്യ' മുന്നണിക്ക് അപ്പുറത്തേക്ക് വിപുലീകരിക്കണമെന്ന് ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തു. രാജ്യത്തെ മുഴുവൻ എൻ.ഡി.എ ഇതര രാഷ്ട്രീയ പാർട്ടികളും പൗരസമൂഹ സംഘടനകളും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും കലാകാരന്മാരും പ്രക്ഷോഭത്തിൽ പങ്കാളികളാകണമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിന് കീഴിൽ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനം പൂർണമായും പക്ഷപാതപരവും അട്ടിമറി നിറഞ്ഞതുമായി മാറിയ പശ്ചാത്തലത്തിൽ, ഇതിനെതിരായ പോരാട്ടത്തെ വിശാലമായ ഒരു ജനകീയ ജനാധിപത്യ മുന്നേറ്റമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
'ഇൻഡ്യ' മുന്നണിയുടെ ഭാവി അല്ലെങ്കിൽ അതിന്റെ സംഘടനാ ഘടന എന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണെന്നും, എന്നാൽ ഭരണഘടനാ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും രക്ഷിക്കാനുള്ള ഈ പോരാട്ടം രാഷ്ട്രീയ സമവാക്യങ്ങൾക്കതീതമായി കാണണമെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി. 'ഇൻഡ്യ' മുന്നണിയിലില്ലാത്തതും പരസ്പരം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുള്ളതുമായ പാർട്ടികളെയും ഈ മുന്നേറ്റത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിലെ തന്നെ മൂന്ന് ഘടകകക്ഷികൾ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിൽ സംശയങ്ങളും ആശങ്കകളും ഉന്നയിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളിലെ ഭിന്നത ദേശീയ പോരാട്ടത്തിന് തടസ്സമാകരുത്: ജോൺ ബ്രിട്ടാസ്
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരായ പ്രചാരണത്തിൽ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം സിവിൽ സൊസൈറ്റി സംഘടനകളുടെ സജീവ പങ്കാളിത്തമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതെന്ന് സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എം.പി വ്യക്തമാക്കി. സംസ്ഥാന തലങ്ങളിലെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ദേശീയതലത്തിലെ ഈ സുപ്രധാന വിഷയത്തിൽ ഒരുമിക്കുന്നതിന് തടസ്സമാകരുത്.
'കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി ഞങ്ങൾക്ക് ശക്തമായ രാഷ്ട്രീയ ഭിന്നതകളുണ്ട്. എന്നാൽ ബി.ജെ.പിയെയും ഭരണകൂട വെല്ലുവിളികളെയും നേരിടാൻ ആ പാർട്ടിയുമായി ദേശീയതലത്തിൽ ധാരണയുണ്ടാക്കുന്നതിന് ആ ഭിന്നതകൾ തടസ്സമായിട്ടില്ല,' ബ്രിട്ടാസ് പറഞ്ഞു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡി.എം.കെ ഇത്തരം വിശാല ഐക്യത്തിൽ പങ്കാളിയാകുന്നത് സംബന്ധിച്ച് അവരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്യാനേഷ് കുമാറിന്റെ രാജി മാത്രമാണ് പരിഹാരം: പി. സന്തോഷ് കുമാർ
ഗ്യാനേഷ് കുമാർ പദവിയിൽ നിന്ന് രാജിവെക്കുക മാത്രമാണ് ഈ പ്രതിസന്ധിക്ക് ഏക പോംവഴിയെന്ന് സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ എം.പി വ്യക്തമാക്കി. എല്ലാ മതേതര ജനാധിപത്യ ശക്തികൾക്കും മുന്നിൽ ഇടതുപക്ഷത്തിന്റെ വാതിലുകൾ തുറന്നുകിടക്കുകയാണ്. സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കുന്ന പാർട്ടികൾക്ക് പോലും ഭരണഘടനാ സംരക്ഷണത്തിനായി ഇത്തരമൊരു ദേശീയ വിശാല വേദിയിൽ പങ്കാളികളാകാൻ കഴിയും. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ പോരടിക്കുമ്പോഴും 'ഇൻഡ്യ' മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും, തമിഴ്‌നാട്ടിലും സമാനമായ സമീപനം സ്വീകരിക്കാമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) ഉടനടി നിർത്തിവെക്കണമെന്നും പട്ടികയിൽ നിന്ന് ഏകപക്ഷീയമായി പുറത്താക്കപ്പെട്ട വോട്ടർമാരുടെ പൗരാവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ പാർട്ടികൾ പ്രക്ഷോഭം കടുപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

