സ്വാധീന ശക്തിയായി ഇടതുപാർട്ടികൾ
text_fieldsബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുടെ സ്വാധീനം ശ്രദ്ധാകേന്ദ്രമാകുന്നു. രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നീ മുഖ്യ പാർട്ടികൾ നേതൃത്വം നൽകുന്ന ഇൻഡ്യ സഖ്യത്തിലാണ് ഇടതുപാർട്ടികൾ.സി.പി.ഐ (എം.എൽ), സി.പി.എം, സി.പി.ഐ എന്നിവയാണ് സഖ്യത്തിലെ പ്രധാന ഇടതുകക്ഷികൾ. കേവലം സഖ്യകക്ഷികൾ എന്നതിനേക്കാൾ പ്രാധാന്യമുണ്ട് ബിഹാറിൽ ഈ പാർട്ടികൾക്ക്.
ഇൻഡ്യ സഖ്യത്തിെന്റ പ്രത്യയശാസ്ത്ര അടിത്തറയായ ഇടതുപാർട്ടികൾ ബി.ജെ.പിയുടെ വർഗീയ, നവലിബറൽ അജണ്ടക്കെതിരായി പോരാടുന്നതിനൊപ്പം, ഭൂരഹിത തൊഴിലാളികൾ, ദലിതുകൾ, യുവജനങ്ങൾ തുടങ്ങിയവരുടെ ശബ്ദം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ബഹുമുഖമാണ് ഈ പാർട്ടികളുടെ ദൗത്യം. ജഹാനാബാദ്, ഗയ, അർവാൽ തുടങ്ങിയ ഗ്രാമീണ മേഖലകളിൽ അടിത്തട്ടിൽ പിന്തുണ സമാഹരിക്കുകയും വിദ്യാഭ്യാസം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിക്കുകയുമാണ് ഇവരുടെ ദൗത്യം.
ആർ.ജെ.ഡിയും കോൺഗ്രസും തമ്മിലെ തർക്കങ്ങളിൽ ഇടനിലക്കാരാകുന്നതും ഇവരാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 30ഓളം സീറ്റുകളാണ് ഇടതുപാർട്ടികൾക്ക് നീക്കിവെച്ചിരിക്കുന്നത്. ഇതിൽ, 20 സീറ്റ് ലഭിച്ച സി.പി.ഐ (എം.എൽ) ആണ് മുന്നിൽ.എൻ.ഡി.എ വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ കഴിയുന്നതാണ് ഇടതുപാർട്ടികളുടെ ശക്തി. പ്രത്യേകിച്ച്, യാദവ ഇതര ഒ.ബി.സികൾ, അതി പിന്നാക്ക വിഭാഗങ്ങൾ, നിതീഷ് കുമാർ ഭരണത്തിൽ നിരാശരായ നഗര യുവജനങ്ങൾ എന്നിവർക്കിടയിൽ സ്വാധീനം ചെലുത്താൻ ഈ പാർട്ടികൾക്ക് കഴിയുന്നു.
വിദ്യാർഥി പ്രക്ഷോഭം, കർഷക സമരം തുടങ്ങിയവയിലൂടെ സി.പി.ഐ (എം.എൽ) തങ്ങളുടെ അടിത്തറ വികസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കടുത്ത മത്സരം നേരിട്ട മണ്ഡലങ്ങളിൽ വോട്ട് ഭിന്നിക്കാതിരിക്കാനാണ് ഈ പാർട്ടികളുടെ ശ്രദ്ധ. 243 അംഗ ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം നേടുകയെന്നത് ഇൻഡ്യ സഖ്യത്തിന് ദേശീയ തലത്തിലും നിർണായകമാണ്. 40 ലോക്സഭാ മണ്ഡലങ്ങളുള്ള ബിഹാർ, ഹിന്ദി ഹൃദയഭൂമിയിലെ ബി.ജെ.പിയുടെ മേധാവിത്വത്തിന്റെ നട്ടെല്ലാണ്.
2019ൽ 39 സീറ്റും എൻ.ഡി.എ സഖ്യം തൂത്തുവാരിയെങ്കിൽ കഴിഞ്ഞ വർഷം അത് 30 ആയി കുറക്കാൻ ഇൻഡ്യ സഖ്യത്തിന് കഴിഞ്ഞു. ബി.ജെ.പിയുടെ ഹിന്ദുത്വ നയങ്ങളെ വെല്ലുവിളിക്കാൻ സാധിക്കുമെന്ന് ഇൻഡ്യ സഖ്യത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ് ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനായാൽ, ഉത്തർ പ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അതിന്റെ പ്രതിധ്വനിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

