രാഹുലിനെ പിന്തുണച്ച് ഇടതുപാർട്ടികളും ആപ്പും ബി.ആർ.എസും
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ വിവാദമാക്കേണ്ട ഒന്നുമില്ലെന്ന കോൺഗ്രസ് നിലപാടിനെ പാർലമെന്റിന് അകത്തും പുറത്തും യു.പി.എ ഘടകകക്ഷികൾക്ക് പുറമെ ഇടതുപാർട്ടികളും ആം ആദ്മി പാർട്ടിയും തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും പിന്തുണച്ചു. അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സഭ പിരിഞ്ഞശേഷം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ പ്രതിപക്ഷ നേതാക്കൾ രാഹുലിന്റെ പരാമർശങ്ങളെ ശരിവെച്ചു. മല്ലികാർജുൻ ഖാർഗെ നടത്തിയ വാർത്തസമ്മേളനത്തിൽ ഇടത് എം.പിമാർക്ക് പുറമെ ആപ് നേതാക്കളായ രാഘവ് ഛദ്ദ, സഞ്ജയ് സിങ്, ബി.ആർ.എസ് നേതാവ് കേശവദാസ് റാവു തുടങ്ങിയവരും പങ്കെടുത്തു.
ഇന്ത്യക്കാരായി ജനിക്കാൻ തങ്ങളെന്തുകുറ്റമാണ് ചെയ്തത് എന്ന് ഇന്ത്യക്കാർ ചോദിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രിയായശേഷം നരേന്ദ്ര മോദി ചൈനയിലും ദക്ഷിണകൊറിയയിലും പോയി പറഞ്ഞതാണെന്ന് ഖാർഗെ ഓർമപ്പെടുത്തി. ഇന്ത്യയിൽ വിഴുപ്പുമായി പോകേണ്ടവർ പോയെന്നും ഞങ്ങൾ വൃത്തിയാക്കുമെന്നും പിന്നീട് കാനഡയിൽ പോയി മോദി പ്രസംഗിച്ചു. പ്രധാനമന്ത്രിക്ക് വിദേശത്ത് പോയി ഇത്തരം കാര്യങ്ങൾ പറയാമെങ്കിൽ രാഹുൽ ഗാന്ധി സെമിനാറിലും പരിപാടികളിലും പോയി സംസാരിക്കുന്നത് എങ്ങനെ തെറ്റാകുമെന്ന് ഖാർഗെ ചോദിച്ചു. ഇത്തരത്തിൽ നിരവധി വിമർശനങ്ങൾ വിദേശത്ത് പോയി താൻ നടത്തിയിട്ടുള്ളതാണെന്നും രാഹുൽ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നും ബി.ആർ.എസ് രാജ്യസഭാനേതാവ് കെ. ചന്ദ്രശേഖര റാവു പറഞ്ഞു.
ലോക്സഭാംഗമായ ഒരാളെ കുറിച്ച് രാജ്യസഭയിൽ ആരോപണമുന്നയിക്കുന്ന അയാളുടെ പ്രസംഗത്തിൽ അഭിപ്രായപ്രകടനം നടത്തുന്നതും ചട്ടവിരുദ്ധമാണെന്ന് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ലോക്സഭയിൽ നോട്ടീസ് നൽകി പറയാവുന്ന വിഷയത്തിലാണ് കേന്ദ്രമന്ത്രി രാജ്യസഭയിൽ വന്ന് സംസാരിച്ചത്. എപ്പോഴും ചട്ടങ്ങളെ കുറിച്ച് സംസാരിക്കുന്ന രാജ്യസഭാചെയർമാൻ ഏത് ചട്ടപ്രകാരമാണ് ഇതനുവദിച്ചതെന്ന് ഖാർഗെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

