ബംഗാളിൽ 192 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി; ആദ്യ പട്ടികയിൽ ഇടം പിടിച്ച് ബികാഷ് ഭട്ടാചാര്യയും മീനാക്ഷി മുഖർജിയും
text_fieldsകൊൽക്കത്ത: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 192 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ഇടതുമുന്നണി. സ്ഥാനമൊഴിയുന്ന രാജ്യസഭാ സി.പി.എം എം.പി ബികാഷ് രഞ്ജൻ ഭട്ടാചാര്യ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും യുവനേതാവുമായ മീനാക്ഷി മുഖർജി, വിദ്യാർഥി നേതാവ് ദീപ്സിത ധർ എന്നിവർ ആദ്യ പട്ടികയിൽ ഇടം പിടിച്ചു.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന കൊൽക്കത്തയിലെ ജാദവ്പൂർ സീറ്റിൽ നിന്നാണ് ബികാഷ് ഭട്ടാചാര്യ മത്സരിക്കുന്നത്. ബംഗാളിൽ പാർട്ടിയിലെ ഏറ്റവും അറിയപ്പെടുന്ന യുവ നേതാക്കളിൽ ഒരാളായ മീനാക്ഷി മുഖർജി ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പരയിൽ നിന്നും ജനവിധി തേടും. 2021ലെ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മീനാക്ഷി മുഖർജി മത്സരിച്ചിരുന്നു. ബി.ജെ.പിയുടെ സുവേന്ദു അധികാരിയും തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയുമായിരുന്നു എതിരാളികൾ.
നാദിയ ജില്ലയിലെ കാളിഗഞ്ച് നിയമസഭ മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി സബീന യാസ്മിൻ ആണ്. 2025 ജൂൺ 23ന് രാഷ്ട്രീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒമ്പത് വയസ്സുകാരി തമന്ന ഖാത്തൂണിന്‍റെ അമ്മയാണ് സബീന യാസ്മിൻ. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വീടിന് നേരെ ബോംബുകൾ എറിഞ്ഞതിനെ തുടർന്നാണ് തമന്ന മരണപ്പെടുന്നത്.
ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ മൂന്നോ നാലോ ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് നാലിന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

