കന്യാസ്ത്രീകളുടെ കേസ് എൻ.ഐ.എക്ക് വിട്ടത് ഗുരുതര പ്രശ്നം -ഫ്രാൻസിസ് ജോർജ് എം.പി.
text_fieldsന്യൂഡൽഹി: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് എതിരെയുള്ള കേസ് എൻ.ഐ.എക്ക് വിട്ട നടപടി ഗുരുതരമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ലോക്സഭയിൽ ശൂന്യവേളയിൽ ഈ വിഷയം ഉന്നയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ ഇന്നലെ സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. അവർക്കുണ്ടായ പ്രയാസങ്ങൾ ഞങ്ങളോട് അവർ വിവരിച്ചു. നിയമപരമായ എല്ലാ രേഖകളോടും കൂടിയാണ് അവർ യാത്ര ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മദർദ്ദത്തെ തുടർന്നാണ് പൊലീസ് അറസ്റ്റ് ഇവരെ ചെയ്തത്. ജാമ്യം സംബന്ധിച്ച കേസ് പരിഗണിച്ച സെഷൻസ് കോടതി അത് എൻ.ഐ.എക്ക് വിടുകയാണ് ഉണ്ടായത്. ഇനി ജാമ്യം ലഭിക്കാൻ കൂടുതൽ സമയം എടുക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും എത്രയും വേഗം ജാമ്യം ലഭിക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
ജോലി തേടി പോകുന്നതും ജോലിക്കായി ആളുകളെ കൊണ്ടു പോകുന്നതും ഒരു തരത്തിലും കുറ്റമായി കാണാൻ കഴിയില്ല. നമ്മുടെ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുള്ള ആളുകൾ വിവിധ സ്ഥലങ്ങളിലേക്ക് ജോലി തേടി യാത്ര ചെയ്യാറുണ്ട്. ഇങ്ങനെ പോകുന്നവരെ ആരും തടയാറില്ല. കേരളത്തിൽ തന്നെ 25 ലക്ഷത്തിലധികം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവരാരും മനുഷ്യ കടത്തിന്‍റെ ഭാഗമായി കേരളത്തിൽ എത്തിയതായി ആക്ഷേപിക്കാറില്ല. കന്യാസ്ത്രീകളെ മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും പറഞ്ഞാണ് പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

