Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റ റീലിൽ കണ്ടു, കള്ള നോട്ടടി പഠിച്ചത് ടെലിഗ്രാം വഴി​; പച്ചക്കറി വ്യാപാരി അറസ്റ്റിൽ

text_fields
bookmark_border
ഇൻസ്റ്റ റീലിൽ കണ്ടു, കള്ള നോട്ടടി പഠിച്ചത് ടെലിഗ്രാം വഴി​; പച്ചക്കറി വ്യാപാരി അറസ്റ്റിൽ
cancel

രാജ്കോട്ട് (ഗുജറാത്ത്): ഇൻസ്റ്റഗ്രാം റീലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ടെലിഗ്രാം വഴി അച്ചടി പരിശീലനം നേടി വ്യാജ കറൻസി നോട്ടുകൾ നിർമിച്ച പച്ചക്കറി വ്യാപാരി അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിൽ മന്ദാഡുങ്കർ പ്രദേശത്ത് താമസിക്കുന്ന കിഷൻ സോളങ്കിയെയാണ് രാജ്കോട്ട് സിറ്റി ക്രൈംബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് വ്യാജ കറൻസികളും അച്ചടി ഉപകരണങ്ങളും ഉൾപ്പെടെ 65,500 രൂപ മൂല്യമുള്ള വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.

പച്ചക്കറി കച്ചവടത്തിൽനിന്നുള്ള കുറഞ്ഞ വരുമാനം കാരണം കടക്കെണിയിലായതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് രാജ്കോട്ട് ഡി.സി.പി (ക്രൈം) ജഗ്ദീഷ് ബംഗാർവയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക ചോദ്യം ചെയ്യലിൽ കിഷൻ സോളങ്കി വ്യക്തമാവുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ 100, 500 രൂപയുടെ വ്യാജ നോട്ടുകൾ നിർമിക്കുന്നത് കാണിക്കുന്ന റീൽ കണ്ടതാണ് കിഷൻ സോളങ്കിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. റീലിന് പിന്നിലുള്ള അക്കൗണ്ട് ഉടമയുമായി ബന്ധപ്പെടുകയും തുടർന്ന് ടെലിഗ്രാം ആപ്പ് വഴി സംഭാഷണം നടത്തി വ്യാജനോട്ടടിയുടെ വിശദമായ പരിശീലനം നേടുകയുമായിരുന്നു.

പരിശീലനം നൽകിയ വ്യക്തിക്ക് താൻ നിർമിച്ച 10,000 രൂപയുടെ വ്യാജ നോട്ടുകൾ നൽകിയപ്പോൾ പകരം 3,000 രൂപ ലഭിച്ചതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഈ പരിശീലകനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വ്യാജ നോട്ടുകൾ മൊത്തമായി വിൽക്കുന്നതിന് പകരം സ്വന്തമായി ചെറിയ സാധനങ്ങൾ വാങ്ങാനാണ് പ്രതി ഇവ ഉപയോഗിച്ചിരുന്നത്. സാധാരണക്കാർക്ക് എളുപ്പത്തിൽ സംശയം തോന്നാതിരിക്കാനാണ് പ്രധാനമായും 100 രൂപയുടെ നോട്ടുകൾ നിർമിച്ചത്. കഴിഞ്ഞ നാലോ അഞ്ചോ മാസത്തിനിടെ നാൽപതോളം വ്യാജ 100 രൂപ നോട്ടുകൾ വിപണിയിൽ ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന ജൻമാഷ്ടമി മേളയിലാണ് ഇത്തരം ചെറിയ വാങ്ങലുകൾക്കായി വ്യാജ നോട്ടുകൾ കൂടുതൽ വിതരണം ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 216 വ്യാജ 100 രൂപ നോട്ടുകളും മൂന്ന് വ്യാജ 500 രൂപ നോട്ടുകളും കണ്ടെടുത്തു. കൂടാതെ, നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച സി.പി.യു, മോണിറ്റർ, രണ്ട് പ്രിന്ററുകൾ, ലാമിനേറ്റർ ഹീറ്റർ മെഷീൻ, ബട്ടർ പേപ്പർ, 100 രൂപ പ്രിന്റ് ചെയ്ത കടലാസുകൾ എന്നിവയും പിടിച്ചെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് റിമാൻഡിൽ വിട്ടു. ചോദ്യം ചെയ്യലിലൂടെ പ്രതി ഇതുവരെ എത്ര കറൻസികൾ അച്ചടിച്ച് വിതരണം ചെയ്തു, ഉപകരണങ്ങൾ എവിടെ നിന്ന് വാങ്ങി, ഓൺലൈൻ പരിശീലകന്റെ കൂടുതൽ വിവരങ്ങൾ, മറ്റ് കൂട്ടാളികൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Learned Counterfeit Notes from Instagram Reel; Vendor Arrested
Next Story