ചോർന്നൊലിക്കുന്ന വന്ദേ ഭാരത്; പ്രതികരണവുമായി റെയിൽവേ, എ.സി ഡ്രെയിനിലെ ദ്വാരങ്ങൾ അടഞ്ഞുപോയി
text_fieldsന്യൂഡൽഹി: ഡൽഹിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ചയെന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി റെയിൽവേ. ഡൽഹിയിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിലാണ് ഷവർ പോലെ ജല പ്രവാഹമുണ്ടായത്. വാരണാസി- ന്യൂ ഡൽഹി വന്ദേഭാരത് ട്രെയിനിലാണ് എ.സി പ്രവർത്തനരഹിതമായതോടെ കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്.
കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ട്രെയിനിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്നതിന്റെ വിഡിയോ ദർശീൽ മിശ്ര എന്നയാൾ പങ്കിട്ടു. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ പ്രതികരണവുമായി റെയിൽവെയുടെ ഔദ്യോഗിക ഹാൻഡിൽ ആയ റെയിൽവേ സേവ രംഗത്തെത്തി. റിട്ടേൺ എയർ ഫിൽട്ടർ എ.സി ഡ്രെയിനിലെ ദ്വാരങ്ങൾ അടഞ്ഞുപോയതിനാലാണ് വെള്ളം ചോർന്നതെന്ന് അവർ വിശദീകരിച്ചു.
ചോർച്ചക്ക് കാരണം ‘കണ്ടൻസേറ്റ് വെള്ളം’ ആണെന്ന് റെയിൽവെ സേവ പ്രതികരിച്ചത്. അധികാരികൾ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവെ സേവയിലൂടെ മറുപടി നൽകി. സിസ്റ്റത്തിനുള്ളിൽ വെള്ളം അടിഞ്ഞുകൂടുകയും, ട്രെയിൻ ബ്രേക്ക് ചെയ്തപ്പോൾ വെള്ളം എയർ ഡക്റ്റിലേക്ക് ഒഴുകുകയും യാത്രക്കാരുടെ ഭാഗത്തേക്ക് ചോർന്നൊലിക്കുകയും ചെയ്തുവെന്നാണ് റെയിൽവെ വ്യക്തമാക്കിയത്. ട്രെയിൻ തിരിച്ചുപോകുന്നതിന് മുമ്പ് ന്യൂഡൽഹി സ്റ്റേഷനിൽ വെച്ച് കേടായ ഡ്രിപ്പ് ട്രേ വൃത്തിയാക്കിയതായും റെയിൽവെ കൂട്ടിച്ചേർത്തു.
റെയിൽവേ മന്ത്രാലയം, ഐ.ആർ.സി.ടി.സി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ മിശ്ര ടാഗ് ചെയ്തു. ജീവനക്കാർ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് മിശ്ര തന്റെ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു.
വിഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് വിഡിയോക്ക് താഴെ ലഭിച്ചത്. 22415 വന്ദേ ഭാരത് എക്‌സ്പ്രസിൽ സൗജന്യമായി ‘വെള്ളച്ചാട്ടം’ സേവനം’ എന്നാണ് മറ്റൊരു വിഡിയോയുടെ അടിക്കുറിപ്പ്. @ranvijaylive എന്ന എക്സ് ഉപയോക്താവ് പോസ്റ്റ് ചെയ്ത ഇതേ വിഡിയോ 23,000+ വ്യൂസ് ആണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

