കർണാടകയിൽ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തൽ; കോൺഗ്രസ് സർക്കാറിന്‍റെ പങ്കും അന്വേഷിക്കുന്നു
text_fieldsrepresentational image
ബംഗളൂരു: കർണാടകയിൽ വോട്ടർമാരുടെ വിവരങ്ങൾ സ്വകാര്യ ഏജൻസി ചോർത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് സർക്കാറിന്‍റെ കാലത്ത് നടന്ന ഇത്തരം സംഭവങ്ങളടക്കം അന്വേഷിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു.
ബി.ജെ.പി സർക്കാറിനു കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) സ്വകാര്യ സ്ഥാപനമായ 'ഷിലുമെ എജുക്കേഷനൽ കൾചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടി'ന് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവിൽ വോട്ടർമാരുടെ വ്യക്തിവിവരങ്ങളടക്കം ശേഖരിക്കാൻ അനുമതി നൽകിയെന്നാണ് ആരോപണം.
ഈ സ്ഥാപനം ബി.എൽ.ഒമാർക്ക് സമാനമായി ആളുകളെ നിയോഗിച്ച് വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങളടക്കം ശേഖരിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കേസിൽ സ്ഥാപനത്തിന്‍റെ ഡയറക്ടർമാരിലൊരാളായ രേണുക പ്രസാദ്, എച്ച്.ആർ. ജീവനക്കാരൻ ധർമേഷ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
മറ്റൊരു ഡയറക്ടർക്കായി അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ സർക്കാറിനെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചോർത്തൽ നടന്നതെന്നും ഇതിനാൽ അദ്ദേഹം രാജിവെക്കണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം.
സിറ്റിങ് ജഡ്ജിയുടെ കീഴിൽ അന്വേഷണം നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനിടയിലാണ് കോൺഗ്രസ് അധികാരത്തിലിരുന്ന 2013 മുതൽ ഷിലുമെ ട്രസ്റ്റ് നടത്തിയ ഡേറ്റ ചോർത്തലും അന്വേഷിക്കണമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി ഉത്തരവിട്ടത്.
തങ്ങളുടെ കാലത്തും കോൺഗ്രസിന്‍റെ കാലത്തും നൽകിയ അനുമതി വ്യത്യസ്തമായിരുന്നുവെന്നും തങ്ങൾ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് അനുമതി നൽകിയപ്പോൾ കോൺഗ്രസാണ് 2013ൽ വോട്ടർമാരുടെ വിവരം ശേഖരിക്കാൻ ഷിലുമെക്ക് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.