മോദി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുൻപ് റെയിൽവേ സ്റ്റേഷനിൽ ചോർച്ച; ചടങ്ങിന് ഒരുക്കിയ വേദി വെള്ളത്തിൽ!
text_fieldsകൊപ്പൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ട് മുമ്പ് കർണാടകയിലെ കൊപ്പൽ റെയിൽവേ സ്റ്റേഷനിൽ വൻ ചോർച്ച. കോടികൾ ചിലവഴിച്ച് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയ സ്റ്റേഷൻ മന്ദിരത്തിലാണ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് പെയ്ത കനത്ത മഴയിൽ വെള്ളം ഒലിച്ചിറങ്ങിയത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കെട്ടിടത്തിന്റെ തകരാറുകൾ പുറത്തായതോടെ, റെയിൽവേയുടെ നിർമാണ നിലവാരത്തെക്കുറിച്ച് കടുത്ത പ്രതിഷേധം ഉയരുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്ന വലിയൊരു ചടങ്ങായതിനാൽ സ്റ്റേഷൻ പരിസരത്ത് വിപുലമായ സജ്ജീകരണങ്ങളാണ് റെയിൽവേ ഒരുക്കിയിരുന്നത്. പ്രധാന വേദി, പ്രത്യേക ശബ്ദസംവിധാനങ്ങൾ, വിശിഷ്ടാതിഥികൾക്കും പൊതുജനങ്ങൾക്കുമായുള്ള ഇരിപ്പിടങ്ങൾ എന്നിവയെല്ലാം കൃത്യമായി ക്രമീകരിച്ചിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ സ്റ്റേഷൻ മന്ദിരത്തിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് അകത്തേക്ക് ഒഴുകാൻ തുടങ്ങി. കെട്ടിടത്തിന്റെ ദുർബലമായ നിർമാണ രീതിയാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്. പ്രധാനമന്ത്രിയുടെ വെർച്വലായി ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയ വേദി ചടങ്ങിനായി എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ ഓഡിയോ സിസ്റ്റം, സ്പീക്കറുകൾ, കസേരകൾ തുടങ്ങിയവയെല്ലാം സ്റ്റേഷനകത്ത് കെട്ടിക്കിടന്ന മഴവെള്ളത്തിൽ മുങ്ങി. വെള്ളപ്പൊക്കത്തിന് സമാനമായ ഈ സാഹചര്യം ഉദ്ഘാടനത്തിനായുള്ള തുടക്ക ഒരുക്കങ്ങളെ പൂർണ്ണമായി ബാധിക്കുകയും കെട്ടിടത്തിന്റെ ഈടുനിൽപ്പിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. ഔദ്യോഗികമായി നാടിന് സമർപ്പിക്കുന്നതിന് മുൻപ് തന്നെ ഇത്തരമൊരു തകരാർ സംഭവിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തുടർന്ന്, നിർമാണത്തിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് യാത്രക്കാരും നാട്ടുകാരും രംഗത്തെത്തി. റെയിൽവേയുടെ ഭാഗത്തുനിന്ന് ഉന്നതതലത്തിലുള്ള പരിശോധന ഉടൻ ഉണ്ടാകണമെന്നും, കെട്ടിടത്തിന്റെ പണിയിലെ എല്ലാ അപാകതകളും പൂർണ്ണമായി പരിഹരിച്ചതിന് ശേഷം മാത്രമേ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാവൂ എന്നും അവർ കർശനമായി ആവശ്യപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പടരുന്നുമേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി താഴേക്ക് പതിക്കുന്നതിന്റെയും കെട്ടിടത്തിനകത്ത് വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്. ഇത് റെയിൽവേ വകുപ്പിന് വലിയ രീതിയിലുള്ള പൊതുവിമർശനം നേടിക്കൊടുത്തു. കൃത്യമായ ക്വാളിറ്റി ചെക്കുകൾ നടത്താതെയാണോ പദ്ധതി പൂർത്തിയാക്കിയത് എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ ഈ അനിഷ്ട സംഭവത്തെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രതികരണവും നടത്താൻ റെയിൽവേ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഈ ചോർച്ച നിശ്ചയിച്ച ചടങ്ങിനെ ബാധിക്കുമോ എന്ന കാര്യത്തിലും ഉദ്യോഗസ്ഥർ വ്യക്തത വരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

