ജഡ്ജിമാരെ വരുതിയിലാക്കാൻ ബി.ജെ.പിയുടെ മനഃശാസ്ത്ര യുദ്ധം; ഉപരാഷ്ട്രപതിക്കു പിന്നാലെ കോടതിക്കെതിരെ ആക്രമണവുമായി നേതാക്കൾ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ ഭരണഘടനവിരുദ്ധമായ രണ്ട് വിവാദ നടപടികൾ തുടർച്ചയായി തടയിട്ട് അജണ്ടകൾ തിരിച്ചറിഞ്ഞ് വഴിമുടക്കിയ സുപ്രീംകോടതി ജഡ്ജിമാരെ നിശ്ശബ്ദരാക്കാനും വരുതിയിൽ നിർത്താനുമുള്ള ബി.ജെ.പി തന്ത്രമാണ് കണ്ടതെന്ന വിലയിരുത്തലുമായി പ്രതിപക്ഷവും അഭിഭാഷകരും മുതിർന്ന മാധ്യമപ്രവർത്തകരും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആക്രമണം തുടങ്ങിവെച്ചതിന് പിന്നാലെയാണ് ബി.ജെ.പി എം.പിമാരായ നിഷികാന്ത് ദുബെ, ദിനേശ് ശർമ, മനൻ കുമാർ മിശ്ര എന്നിവർ ഒന്നിന് പിറകെ ഒന്നായി കോടതിക്കെതിരെ ആക്രമണവുമായി വന്നത്.
കോടതിക്കെതിരായ നിരവധി ബി.ജെ.പി നേതാക്കളുടെ ഈ ആക്രമണം ബി.ജെ.പി നിർദേശപ്രകാരമാണെന്ന് വ്യക്തമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ രാഹുൽ ദേവ് പറഞ്ഞു. നിഷികാന്ത് ദുബെയുടേത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണെന്ന ബി.ജെ.പി അധ്യക്ഷൻ നഡ്ഡയുടെ വാദം മുതിർന്ന മാധ്യമപ്രവർത്തകനായ വിനോദ് റായ് തള്ളി. പാർട്ടി കൽപിക്കുന്നതു മാത്രം പറയുന്ന നിഷികാന്ത് ദുബെ പാർലമെന്റിൽ പോലും സ്വന്തം മനസ്സിലുള്ളത് പറയുന്ന ആളല്ലെന്നും പാർട്ടി എഴുതിക്കൊടുത്തിട്ടല്ലാതെ ഈ പ്രസ്താവനയുണ്ടാകില്ലെന്നും റായ് പറഞ്ഞു.
സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മർദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെ സ്പീക്കര്‍ ഓം ബിർള നടപടിയെടുക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. അനുകൂല തീരുമാനങ്ങള്‍ മഹത്തരമായി വാഴ്ത്തുകയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവ വന്നാല്‍ അത് പുറപ്പെടുവിച്ച ജഡ്ജിയെത്തന്നെ ഭീഷണിപ്പെടുത്തുകയും വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
‘‘ഭരണഘടനക്കെതിരായ ഈ കടന്നാക്രമണത്തിനെതിരെ സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കേണ്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അതിഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നത്. നിഷികാന്ത് ദുബെയെ ഇപ്പോള്‍ തള്ളിപ്പറഞ്ഞത് കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ്. നിഷികാന്ത് ദുബെ ആദ്യമായല്ല ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത്. പാര്‍ലമെന്റിലെ പ്രസംഗങ്ങളില്‍ എല്ലാം അദ്ദേഹം ഇതേ രീതിതന്നെയാണ് പിന്തുടരുന്നത്. എന്നാല്‍, ദുബെയെ നിയന്ത്രിക്കാന്‍ ബി.ജെ.പി ഇതുവരെ തയാറായിട്ടില്ല. ദുബെ മാത്രമല്ല, ഏറ്റവും വലിയ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍പോലും കോടതിയെ ആക്രമിക്കുകയാണ്’’ -കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.
നീതിപൂർവമായ ചര്‍ച്ചകള്‍ക്ക് അവസരം ഇല്ലാതാക്കി പ്രതിപക്ഷ നേതാവിനു പോലും സംസാരിക്കാന്‍ അവസരം നല്‍കാതെ പാര്‍ലമെന്റിന്റെ മഹത്ത്വം പറഞ്ഞ് പാര്‍ലമെന്റിനെ പരിഹാസ്യമാക്കുകയാണ് ഭരണപക്ഷം. ചെറിയ ഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലമെന്റില്‍ നിയമനിർമാണങ്ങള്‍ ബുള്‍ഡോസ് ചെയ്യുകയാണെന്നും അദ്ദേഹം തുടർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.