ബിഹാർ ഇലക്ഷന് സ്ഥാനാർഥി ടിക്കറ്റ് കിട്ടിയില്ല; കാമറക്ക് മുന്നിൽ കരഞ്ഞ് കണ്ണീർ തുടച്ച് പാർട്ടി നേതാവ്
text_fieldsപട്ന: മുഖ്യധാര പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തിരക്കിൽ മുഴുകുമ്പോള്‍ തെരഞ്ഞടുപ്പിന് ടിക്കറ്റ് കിട്ടാത്ത വിഷമത്തിലാണ് ഒരു വിഭാഗം. സമസ്തിപ്പൂർ ജില്ലയിലെ മോർവ മണ്ഡലത്തിിൽ നിന്നുള്ള ലോക് ജനശക്തി പാർട്ടി നേതാവ് അഭയ് കുമാർ കാമറക്ക് മുന്നിൽ കരഞ്ഞത് അത്തരമൊരു സംഭവമാണ്. സോഷ്യൽ മീഡിയിൽ വൈറലായ കരച്ചിൽ വിഡിയോയിൽ പാർട്ടി പക്ഷാഭേദം കാണിച്ചെന്നും സ്ഥാനാർഥിയെ നിർണയിച്ചതിൽ അഴിമതി കാണിച്ചുവെന്നും അഭയ് കുമാർ ആരോപിക്കുന്നു. എന്നെക്കാളും കൂടുതൽ പണം നൽകിയവർക്ക് സ്ഥാനാർഥിത്വം നൽകിയെന്നും ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നുമാണ് അഭയ് വിഡിയോയിൽ പറയുന്നത്.
നേതാവിന്‍റെ കരച്ചിൽ വിഡിയോ ബിഹാറിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തെളിച്ചു. എൻ..ഡി.എ സഖ്യത്തിനുള്ളിലെ സ്ഥാനാർഥി നിർണയത്തിലെ സുതാര്യത പലരും ചോദ്യം ചെയ്തു. ഞാൻ 25 വർഷം കഷ്ടപ്പെട്ടു. 30 വർഷം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. എന്നാൽ ഇപ്പോൾ നടക്കുന്നതെല്ലാം എന്‍റെ കഴിവിനപ്പുറമുള്ള കാര്യമാണ്. എനിക്ക് ഈ കഷ്ടപ്പാടിൽ നിന്ന് മോചനം വേണം.' അഭയ് കുമാർ പറയുന്നു. സ്ഥാനാർഥി നിർണയത്തെ ടിക്കറ്റ് സിസ്റ്റം എന്ന് വിമർശിച്ച അഭയ് ഈ സംവിധാനത്തിൽ വിശ്വാസം ഇല്ലെന്നും പറഞ്ഞു. താൻ എല്ലാവരെയും വിശ്വസിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പോലും ശ്രമിച്ചു. എനിക്കുണ്ടായ അവസ്ഥ പാർട്ടിയിൽ നാളെ ആർക്കും ഉണ്ടാകാമെന്ന് അഭയ് പറഞ്ഞു.
ബിഹാർ രാഷ്ട്രീയത്തിലെ "കമീഷൻ സംസ്കാര"ത്തിനെതിരെ എൽ.ജെ.പി നേതാവ് രൂക്ഷമായ ആരോപണമാണ് വിഡിയോ വഴി നടത്തിയത്. പ്രാദേശിക നേതാക്കൾക്കിടയിൽ വ്യാപക അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. "എല്ലാവരും തെരഞ്ഞെടുപ്പ് സമയത്ത് 15 ദിവസത്തേക്കോ ഒരു മാസത്തേക്കോ ലോലിപോപ്പ്, ക്രീം, രസഗുള, ചിക്കൻ, മദ്യം എന്നിവ നിങ്ങൾക്ക് തരും. 20ഉം 25ഉം 30ഉം ശതമാനം കമീഷൻ എന്നിവ നിങ്ങളിൽ നിന്ന് തട്ടിയെടുക്കും." അഭയ് ആരോപിച്ചു.
മോർവയിലെ നേതാക്കൾ കള്ളപ്പണത്തിലൂടെയും കമീഷനുകളിലൂടെയും കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. "2010 മുതൽ 2015 വരെയും വീണ്ടും 2015 മുതൽ 2020 വരെയും അവർ മോർവ കൊള്ളയടിച്ചു. അഞ്ച് വർഷത്തിനിടെ 17 വിൽപ്പന രേഖകൾ രജിസ്റ്റർ ചെയ്തു, തുച്ഛമായ വരുമാനം ഉണ്ടായിരുന്നിട്ടും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചു. അതെല്ലാം കമീഷൻ പണമായിരുന്നു," അഭയ് സിങ് ആരോപിച്ചു.
2020 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ജെ.പി(ആർ) സ്ഥാനാർത്ഥിയായി മോർവയിൽ നിന്ന് അഭയ് കുമാർ സിംഗ് മത്സരിച്ചിരുന്നു, ഇത്തവണയും അതേ സീറ്റിൽ അഭയ് കണ്ണുവെച്ചിരുന്നു. എന്നാൽ എൻ.ഡി.എ സീറ്റ് ക്രമീകരണത്തിന്റെ ഭാഗമായി ചിരാഗ് പാസ്വാന്റെ പാർട്ടിക്ക് 29 സീറ്റുകൾ അനുവദിച്ചപ്പോൾ, മോർവയും റോസ്രയും തുടക്കത്തിൽ അവരുടെ ക്വാട്ടക്ക് കീഴിലായി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്ന്, മോർവ സീറ്റ് ജെ.ഡി.യുവിന്റെ ഓഹരിയിലേക്ക് മാറ്റി, അവിടെ മുൻ എം.എൽ.എ വിദ്യാസാഗർ നിഷാദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
തീരുമാനത്തിൽ അസ്വസ്ഥനായ സിംഗ് ഫേസ്ബുക്ക് ലൈവിലൂടെ തന്റെ നിരാശ പ്രകടിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ജെ.ഡി.യുവും 101 സീറ്റുകളിൽ വീതവും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) 29 സീറ്റുകളിൽ വീതവും മത്സരിക്കും. രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം), ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) എന്നിവ ആറ് സീറ്റുകളിൽ വീതവും മത്സരിക്കും. 243 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6 നും നവംബർ 11 നും നടക്കും. നവംബർ 14 നാണ് വോട്ടെണ്ണൽ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

