വയനാടിന് സഹായം: എൽ.ഡി.എഫിന്റെ ഡൽഹി സമരം അവസാനിച്ചു
text_fieldsന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യവുമായി വയനാട് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി ഡൽഹിയിൽ നടത്തിയ രണ്ട് ദിവസത്തെ സമരം സമാപിച്ചു. അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു.
വനം-വന്യജീവി സംരക്ഷണ നിയമഭേദഗതിക്കായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി തയാറാകണമെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി കൺവീനർ സി.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2,000 കോടി രൂപ അടിയന്തരമായി അനുവദിക്കുക, വന്യജീവി പ്രശ്നം പരിഹരിക്കാൻ 1,000 കോടിയുടെ പാക്കേജ്, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവന്ന് ജനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വയനാട് ദുരന്തത്തിന്റെ ഡോക്യുമെന്ററി ചൊവ്വാഴ്ച രാവിലെ കേരള ഹൗസിൽ പ്രദർശിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ചിനും ജന്തർമന്തറിൽ രാപ്പകൽ സമരത്തിനുമായിരുന്നു എൽ.ഡി.എഫ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തിയത്. എന്നാൽ, ജന്തർമന്തറിൽ മൂന്ന് മണിക്കൂർ സമരത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയത്. ഇതേത്തുടർന്ന് രണ്ട് ദിവസവും രാവിലെ പത്തു മുതൽ ഉച്ചക്ക് ഒരു മണിവരെയായിരുന്നു സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

