അഭിഭാഷകർ സ്വാതന്ത്ര്യസമരത്തിന്റെ കാഴ്ചക്കാരായിരുന്നില്ല, അവിഭാജ്യ ഘടകമായിരുന്നു, പാരമ്പര്യം കാത്തുസൂക്ഷിക്കണം -ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യസമരത്തിന് നിയമവുമായി ആഴത്തിലുള്ളതും ശാശ്വതവുമായ ബന്ധമുണ്ടെന്നും നിയമവൃത്തങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ കാഴ്ചക്കാരായിരുന്നില്ല, അവിഭാജ്യ ഘടകമായിരുന്നുവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യം കൽപ്പിക്കുകയോ നിയന്ത്രിക്കുകയോ മാത്രമല്ല, നീതി നൽകുക, സ്വാതന്ത്ര്യം സംരക്ഷിക്കുക, മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നിവയാണെന്ന് നാം മനസ്സിലാക്കിയത് ആ തലമുറയിലെ ഏറ്റവും മികച്ച ചില നിയമ വിദഗ്ധരുടെ കാഴ്ചപ്പാടിലൂടെയാണ്. ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ ശിൽപികളായ മഹാത്മാഗാന്ധിയും ബി.ആർ. അംബേദ്കറും, അതുപോലെ സർദാർ വല്ലഭഭായ് പട്ടേൽ, മോത്തിലാൽ നെഹ്റു, ബാലഗംഗാധര തിലക്, ലാലാ ലജ്പത് റായ് എന്നിവരെല്ലാം അഭിഭാഷകരായിരുന്നു. നിയമവൃത്തങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് കാഴ്ചക്കാരായിരുന്നില്ല, മറിച്ച് അതിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ അഭിഭാഷകർ തയ്യാറാവണം. സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മറ്റ് കോളനികളിൽ മുൻപ് നടന്നിട്ടുള്ള സ്വാതന്ത്ര്യസമരങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. നമ്മുടേത് സായുധ വിപ്ലവമായിരുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, നിവേദനങ്ങൾ, പൊതു ചർച്ചകൾ, ഏറ്റവും പ്രധാനമായി നിയമത്തിന്റെ ഭാഷയിലൂടെയുള്ള പോരാട്ടം എന്നിവയായിരുന്നു അത്.
രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. മുന്നോട്ടുള്ള യാത്ര യുവാക്കളുടേതാണ്. ഭാവിയിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ യുവ നിയമബിരുദധാരികളും അഭിഭാഷകരും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. "യുവ നിയമബിരുദധാരികളോടും യുവ അഭിഭാഷകരോടും എനിക്ക് പറയാനുള്ളത് ഇതാണ്; സ്വാതന്ത്ര്യസമര കാലം മുതൽ ഈ ബാർ വഹിച്ച ഉത്തരവാദിത്തങ്ങൾ അധികം വൈകാതെ നിങ്ങളുടെ ചുമലിൽ എത്തും. നിങ്ങൾക്ക് മുൻപുള്ള തലമുറകൾ കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത നീതിന്യായ സ്ഥാപനങ്ങൾ ഇനി സംരക്ഷിക്കേണ്ടതും മുന്നോട്ട് നയിക്കേണ്ടതും നിങ്ങളാണ്. നിങ്ങളുടെ വളർച്ചയ്ക്കായി ബാറും ബെഞ്ചും പ്രതിജ്ഞാബദ്ധമാണെന്ന് അറിയുക. മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ടും, അർഥവത്തായ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടും, നിങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ടും ഞങ്ങൾ ഒപ്പമുണ്ട്. മുന്നോട്ടുള്ള യാത്ര നിങ്ങളുടേതാണ്, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്," അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

