ഐ.ജിയായ അച്ഛൻ പിരിച്ചുവിട്ട കോൺസ്റ്റബിളിന് മകളുടെ വക ‘പുനർ നിയമനം’
text_fieldsമുൻ ഐ.പി.എസ് ഓഫീസർ ഡോ. രാകേഷ് സിങും മകളും അഭിഭാഷകയുമായ അനുര സിങും
ലഖ്നോ: അച്ഛനും മകളുമെല്ലാം അങ്ങ് വീട്ടിൽ. കോടതിയിലെ വാദപ്രതിവാദങ്ങൾക്കിടയിൽ നിയമവും ചട്ടങ്ങളും മാത്രമേ മുന്നിലുള്ളൂ. സിനിമകളിൽ കണ്ടു ശീലിച്ച വാദപ്രതിവാദ രംഗങ്ങൾ അലഹബാദ് കോടതി മുറിയിൽ വീണ്ടും ആവർത്തിച്ചപ്പോൾ ഐ.ജിയായി വിരമിച്ച അച്ഛന്റെ നടപടിയെ നിയമംകൊണ്ട് തിരുത്തി നീതിയുടെ വിജയം നേടിയിരിക്കുകയാണ് ഒരു മകൾ.
ഉത്തർ പ്രദേശിലെ ബറേലി റേഞ്ച് ഐ.ജിയായി വിരമിച്ച ഡോ. രാകേഷ് സിങ്ങും, അഭിഭാഷകയായ മകൾ അനുര സിങ്ങുമാണ് ഈ കഥയിലെ നായകർ. പൊലീസ് സർവീസിലിരിക്കെ തനിക്കു കീഴിലെ പൊലീസ് കോൺസ്റ്റബിളായ തൗഫീഖ് അഹമ്മദിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനു പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം.
2023 ജനുവരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു തൗഫീഖ് അഹമ്മദിനെതിരായ പരാതി. പിലിബിതിൽ നിന്നും ബറേലിയിലേക്കുള്ള തീവണ്ടി യാത്രക്കിടെ 17കാരിയെ പീഡിപ്പിച്ച കേസിൽ കോൺസ്റ്റബിളിനെതിരെ പോക്സോ കുറ്റം ചുമത്തി ജയിലിൽ അടച്ചു. തുടർന്ന്, വകുപ്പു തല അന്വേഷണത്തിൽ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ജോലിയിൽ കർക്കശക്കാരനായ ഐ.ജി രാകേഷ് സിങ് ആരോപണ വിധേയന് ഒരു ദയയും നൽകാതെ തന്നെ നടപടി സ്വീകരിച്ചു. അതിനിടെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കീഴ്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ, വകുപ്പു തല നടപടി നേരിട്ടതിനാൽ തൗഫീഖ് അഹമ്മദിന് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതിനെതിരെ നിയമ യുദ്ധം നടത്താനുള്ള തീരുമാനമാണ് അങ്ങനെയാണ് അഭിഭാഷക അനുര സിങ്ങിലെത്തിച്ചത്. ശേഷം, കണ്ടത് കോടതിയിൽ അച്ഛൻ ഭാഗമായ പൊലീസ് വിഭാഗവും അഭിഭാഷകയായ മകളും തമ്മിലെ നിയമ പോരാട്ടം. വകുപ്പുതല അന്വേഷണ സമിതി ശരിയായ രീതിയിലല്ല അന്വേഷണം നടത്തിയതെന്നുമുള്ള തൗഫീഖിന്റെ വാദം അംഗീകരിച്ച കോടതി പിരിച്ചുവിടൽ റദ്ദാക്കുകയും, ആഭ്യന്തര അന്വേഷണത്തിനായി പുതിയ സമിതിയെ നിയമിക്കാനും ഉത്തരവിട്ടു. നേരത്തെ നടപടി സ്വീകരിക്കുമ്പോഴുള്ള അതേ പദവിയിൽ തന്നെ ഇയാളെ തിരികെ പ്രവേശിപ്പിക്കാനും നിർദേശിച്ചു.
അച്ഛന്റെ പിരിച്ചുവിടൽ നടപടിയെ ചോദ്യം ചെയ്ത് മകൾ നയിക്കുന്ന നിയമ പോരാട്ടമെന്നനിലയിൽ സംഭവം മാധ്യമങ്ങളിലും ഇടം നേടിയിരുന്നു. തനിക്കെതിരെ നടപടി സ്വീകരിച്ച ഐ.ജി രാകേഷ് സിങ്ങിന്റെ മകളാണ് തന്റെ അഭിഭാഷക എന്നറിയാതെയായിരുന്നു കേസ് ഏൽപിച്ചതെന്നായിരുന്നു തൗഫീഖിന്റെ പ്രതികരണം.
മകളുടെ നിയമ വിജയത്തിൽ അഭിമാനിക്കുന്ന പിതാവാണ് താനെന്ന് രാകേഷ് സിങ് പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിൽ ചില വീഴ്ചകളുണ്ടായതായും ഇതാണ് മകൾ കോടതിയിൽ ചൂണ്ടികാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ കക്ഷിയുടെ അഭിഭാഷകയെന്ന നിലയിലാണ് ഞാൻ ജോലി ചെയ്തത്. പിതാവ് സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിലും. രണ്ടുപേരും ഞങ്ങളുടെ ജോലി ചെയ്യുകയായിരുന്നു’ -അനുര സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

