പകൽ ബ്യൂട്ടീഷ്യൻ, രാത്രി ലേഡി ഡോൺ...; ബിഷ്ണോയ് ഗ്യാങ്ങിലെ ‘മാഡം സെഹർ’ പിടിയിൽ
text_fieldsന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള മയക്കുമരുന്ന് സിൻഡിക്കേറ്റ് കൈകാര്യം ചെയ്തതായി ആരോപിക്കപ്പെടുന്ന യുവതിയെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്റെ കൗണ്ടർ ഇന്റലിജൻസ് യൂനിറ്റ് അറസ്റ്റ് ചെയ്തു. നേഹ എന്നറിയപ്പെടുന്ന ഖുസ്‌നുമ അൻസാരി, പങ്കാളി മഹ്ഫൂസ് എന്ന ബോബി കബൂതർ, മറ്റ് രണ്ട് പേർ എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്.
ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ മയക്കുമരുന്ന് വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നതിൽ നേഹ സജീവമായിരുന്നെന്ന് പൊലീസ് പറയുന്നു. അധോലോക പ്രവർത്തനങ്ങൾ മറച്ചുവെക്കാനുള്ള ഒരു മാർഗമെന്നോണം നേഹ, വടക്കുകിഴക്കൻ ഡൽഹിയിൽ ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു. സാധാരണക്കാരിയെ പോലെ ജീവിച്ചായിരുന്നു നേഹ മയക്കുമരുന്ന് ശൃംഖല കൈകാര്യം ചെയ്തതെന്ന് പൊലീസ് ആരോപിക്കുന്നു. മയക്കുമരുന്ന് ഇടപാടുകാർ നേഹയെ മാഡം സെഹർ എന്നാണ് വിളിച്ചിരുന്നതത്രെ. കഴിഞ്ഞ ദിവസം അറസ്റ്റിലാകുമ്പോൾ ഇവരിൽനിന്ന് വലിയ അളവിൽ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.
ബോബിയും നേഹയും തമ്മിൽ ഏഴ് വർഷമായി പങ്കാളികളാണ്. ബോബി കബൂതർ സംഘത്തിന്റെ പ്രധാന ആയുധ വിതരണക്കാരനാണ്. ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബ സംഘങ്ങളുടെ പ്രധാന കണ്ണിയായി ഇയാൾ പ്രവർത്തിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നിയമവിരുദ്ധ ആയുധ ഇടപാടുകാരിൽ ഒരാളും പാകിസ്താന്റെ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുമായ സലിം പിസ്റ്റളിൽ നിന്നാണ് ബോബി ഹൈടെക് തോക്കുകൾ വാങ്ങിയതെന്ന് പൊലീസ് പറയുന്നു. രാജ്യത്തുടനീളമുള്ള നിരവധി പ്രധാന കുറ്റകൃത്യങ്ങളിൽ ഈ ആയുധങ്ങൾ ഉപയോഗിച്ചതായാണ് ആരോപിക്കപ്പെടുന്നത്.
2022-ൽ പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകം, നടി ദിഷ പടാനിയുടെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പ്, ഡൽഹിയിലെ നാദിർ ഷായുടെ കൊലപാതകം, സീലംപൂർ ഇരട്ട കൊലപാതകം എന്നിവക്ക് ഈ ഗ്യാങ് നൽകിയ ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

