പ്രശാന്ത് ഭൂഷണെതിരായ കോടതി നടപടിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന അഭിഭാഷകർ; ഉത്തരമില്ലാതെ സുപ്രീംകോടതി
text_fields
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയേയും മൂന്നു മുന്‍ ചീഫ് ജസ്റ്റിസുമാരെയും ട്വീറ്റുകളിലൂടെ വിമർശിച്ച അഡ്വ. പ്രശാന്ത് ഭൂഷണിെൻറ നടപടി കോടതിയലക്ഷ്യമാണെന്ന വിധിക്കെതിരെ ആഞ്ഞടിച്ച് ഭൂഷണും രാജീവ് ധവാനും അറ്റോണി ജനറൽ കെ.കെ വേണുഗോപാലും അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍.
മുന്‍ ജഡ്ജിമാര്‍ തന്നെ ഇത്തരം നിരവധി ആരോപണങ്ങള്‍ ഉയർത്തിയതാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോൾ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന് ഉത്തരം നല്‍കാനായില്ല. ഇക്കാര്യത്തില്‍ അറ്റോണി ജനറല്‍കൂടി തങ്ങള്‍ക്ക് എതിരാണെന്ന് മുന്‍കൂട്ടി കണ്ട ബെഞ്ച്, രണ്ട് തവണ നോട്ടീസ് അയച്ച് വിളിപ്പിച്ച അദ്ദേഹത്തിന് വാദിക്കാൻ കാര്യമായ അവസരം കൊടുത്തുമില്ല. സുപ്രീംകോടതിയില്‍ ജനാധിപത്യം പരാജയപ്പെട്ടുവെന്ന് വിമർശനമുന്നയിച്ച മുന്‍ ജഡ്ജിമാരുടെ പട്ടിക താന്‍ തരാമെന്നായിരുന്നു എ.ജി കെ.കെ വേണുഗോപാലിെൻറ വാദം.
''ഉന്നത കോടതികളില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞ ഒമ്പത് ജഡ്ജിമാരുടെ പേരുകള്‍കൂടി താന്‍ തരാം. ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് 1987ല്‍ ഞാന്‍തന്നെ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് പ്രശാന്ത് ഭൂഷണും പറഞ്ഞത്.'' -എ.ജി തുറന്നടിച്ചു. 30 വര്‍ഷമായി പ്രശാന്തിനെ തനിക്കറിയാമെന്നും അദ്ദേഹം നിലപാട് മാറ്റുമെന്ന് തോന്നുന്നില്ലെന്നും േവണുഗോപാൽ ബെഞ്ചിനെ അറിയിച്ചു.
ജസ്റ്റിസുമാരായ ആര്.എം. ലോധ, മദന്‍ ബി. ലോക്കൂര്‍, എ.പി ഷാ, കുര്യന് ജോസഫ് തുടങ്ങിയ സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും മുൻ ജഡ്ജിമാരെ പിന്തുണക്കുന്നതാണ് പ്രശാന്തിെൻറ പ്രസ്താവനയെന്ന് അഡ്വ. രാജീവ് ധവാനും വാദിച്ചു. 'സുപ്രീംകോടതിയിലേക്ക് ചരിത്രകാരന്മാര് തിരിഞ്ഞുനോക്കു'മെന്ന ട്വീറ്റിനെ പരാമര്‍ശിച്ച്, സുപ്രീംകോടതിയെ കുറിച്ച് നാളെ എന്ത് വിചാരമായിരിക്കുമെന്ന് ആര്‍ക്കും പറയാനാവില്ലെന്നായിരുന്നു ജസ്റ്റിസ് മിശ്ര പ്രതികരിച്ചത്. എന്നാൽ, സുപ്രീംകോടതിയുടെ ചരിത്രം രേഖപ്പെടുത്തുന്നവരില്‍ ഒരാൾ താന്‍ തന്നെയായിരിക്കുമെന്ന് ധവാന് തിരിച്ചടിച്ചു.
''കോടതി എനിക്ക് കൂടുതല്‍ സമയം തരുന്നത് സ്വാഗതം ചെയ്യുന്നു. എന്നാലത് കോടതിയുടെ സമയം പാഴാക്കലല്ലാതെ എന്തെങ്കിലും കാര്യമുണ്ടെന്ന് കരുതുന്നില്ല. ഞാന്‍ പ്രസ്താവന മാറ്റാന്‍ പോകുന്നില്ല'' എന്ന് പ്രശാന്ത് ഭൂഷണ് തീര്‍ത്തുപറഞ്ഞ ശേഷമാണ് മനസ്സ് മാറി തെറ്റു തിരുത്താന്‍ രണ്ടു മൂന്ന് ദിവസം കൂടി ബെഞ്ച് നല്‍കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

