Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനെ അധിക്ഷേപിച്ച് ബഹളമുണ്ടാക്കിയ നിയമവിദ്യാർഥി അറസ്റ്റിൽ

text_fields
bookmark_border
സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനെ അധിക്ഷേപിച്ച് ബഹളമുണ്ടാക്കിയ നിയമവിദ്യാർഥി അറസ്റ്റിൽ
cancel

ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ തടസ്സപ്പെടുത്തി ജസ്റ്റിസുമാരെ അധിക്ഷേപിക്കുകയും കോടതിമുറിയിൽ രേഖകൾ വലിച്ചെറിയുകയും ചെയ്ത കേസിൽ നിയമവിദ്യാർഥി പ്രബൽ പ്രതാപ് സിങ്ങിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു നിയമവിദ്യാർഥിയായ ചന്ദർ ഭാനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശികളായ ഇരുവരും ലഖ്നോ സർവകലാശാലയിലെ വിദ്യാർഥികളാണെന്ന് പൊലീസ് അറിയിച്ചു.

ജൂലൈ 10ന് സുപ്രീംകോടതിയിൽ ഹരജിക്കാരനായ പ്രബൽ പ്രതാപ് സിങ് വാദത്തിനിടെ ബെഞ്ചിനോട് തർക്കിക്കുകയും ചീഫ് ജസ്റ്റിസിനെതിരെ അസഭ്യഭാഷ പ്രയോഗിക്കുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് കൈവശമുണ്ടായിരുന്ന കേസ് രേഖകൾ കോടതിമുറിയിൽ വലിച്ചെറിയുകയും സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്തതോടെ ഇയാളെ കോടതിയിൽനിന്ന് പുറത്താക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരുടെ പരാതിയെ തുടർന്ന് ഭാരതീയ ന്യായ സംഹിത​യിലെ വിവിധ വകുപ്പുകൾ പ്രകാരം തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവം കോടതിയുടെ അന്തസ്സിനും നടപടിക്രമങ്ങൾക്കും ഗുരുതരമായ വെല്ലുവിളിയാണെന്ന് വിലയിരുത്തിയ പൊലീസ്, കോടതി നടപടികൾ തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടയൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

പ്രബൽ പ്രതാപ് സിങ് ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ താമസിക്കുന്നയാളാണ്. ലഖ്നോ സർവകലാശാലയിൽ മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിയാണ് അദ്ദേഹം. മറ്റൊരു പ്രതിയായ ചന്ദർ ഭാൻ റായ് ബറേലി ജില്ലയിൽ നിന്നുള്ളയാളാണ്. രണ്ടാം വർഷ നിയമ വിദ്യാർഥിയാണ് ചന്ദർ ഭാൻ.

അറസ്റ്റിനുശേഷം ഡൽഹി പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി. പ്രതികളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തിൽ ​പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, കോടതിയലക്ഷ്യ നടപടികളോ മറ്റ് നിർബന്ധിത നടപടികളോ സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ‘അദ്ദേഹം വളരെ അസ്വസ്ഥനാണ്. നിരാശനാണ്. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപം മാത്രമേയുള്ളൂ’ കോടതി അഭിപ്രായപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Law Student Who Abused Chief Justice Threw Papers In Court Arrested
Next Story