എൻ.ഐ.എ ഉദ്യോഗസ്ഥന്റെ മകൾ കോളജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
text_fieldsലഖ്നോ: യു.പിയിൽ 19 കാരിയായ നിയമ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലഖ്‌നോ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിനിയായ അനികയാണ് മരിച്ചത്.
ഡൽഹിയിലെ ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.ഐ.എ) ഇൻസ്പെക്ടർ ജനറലായ സന്തോഷ് റസ്തോഗിയുടെ മകളാണ്.
ശനിയാഴ്ച രാത്രി വൈകിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
മരണകാരണം വ്യക്തമല്ല. ലഖ്നോ ആഷിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. മുറി അകത്ത് നിന്ന് പൂട്ടിയിരുന്നതായും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ മുറിവോ വസ്ത്രത്തിന് കേടുപാടോ സംഭവിച്ചിട്ടില്ല.
നിലവിൽ കുടുംബത്തിൽ നിന്ന് പൊലീസിന് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

