ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ്: നിയമ കമീഷൻ പഠനത്തിന്
text_fieldsന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്ന വിഷയം നിയമ കമീഷെൻറ പഠനത്തിനു വിടുന്ന കാര്യം സർക്കാറിെൻറ പരിഗണനയിൽ. പൊതുചർച്ചക്കും വിശദമായ കൂടിയാലോചനകൾക്കും ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന താൽപര്യം ബി.ജെ.പിയും മോദിസർക്കാറും പല അവസരങ്ങളിലായി പ്രകടിപ്പിച്ചു വരുകയാണ്. എന്നാൽ, ഭരണഘടനാപരമായ വശങ്ങൾ, നടത്തിപ്പു പ്രായോഗികതകൾ, രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം എന്നിവ കണക്കിലെടുക്കാതെ ഏകപക്ഷീയമായി മുന്നോട്ടു പോകാൻ സർക്കാറിന് കഴിയില്ല. നിയമ കമീഷെൻറ പഠനത്തിനു വിടുന്നതു വഴി കാഴ്ചപ്പാടുകൾ ഏകോപിപ്പിക്കാൻ സാധിക്കുമെന്നതാണ് സർക്കാർ കാണുന്ന മെച്ചം. നിയമ പരിഷ്കരണങ്ങളുടെ കാര്യത്തിൽ സർക്കാറിന് ഉപദേശം നൽകുന്ന നിർണായക പങ്കാണ് നിയമകമീഷന്. കമീഷെൻറ ശിപാർശ സർക്കാറിന് യുക്തം പോലെ നടപ്പാക്കുകേയാ, അവഗണിക്കുകയോ ചെയ്യാം. ഏക സിവിൽ കോഡ് എന്ന ബി.ജെ.പിയുടെ വിവാദ അജണ്ട ഇപ്പോൾ നിയമ കമീഷെൻറ പരിഗണനയിലുണ്ട്.
ഒറ്റ തെരഞ്ഞെടുപ്പിന് സർക്കാർ ആദ്യമേ മുൻകൈയെടുത്ത് കൂടിയാലോചനകൾക്ക് ഇറങ്ങിയാൽ, രാഷ്്്്ട്രീയ പിന്തുണ കിട്ടില്ല. നിലവിലെ സാഹചര്യങ്ങളിൽ നീക്കം തുടക്കത്തിൽതന്നെ പാളും. നിയമ കമീഷെൻറ നിർദേശത്തിെൻറ പിൻബലമുണ്ടെങ്കിൽ സർക്കാറിന് കൂടുതൽ എളുപ്പമാകും. എന്നാൽ, ഒരു വർഷം മാത്രം അകലെ നിൽക്കുന്ന അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പുകളും ഒന്നിച്ചാക്കുന്നത് ഒട്ടും പ്രായോഗികമല്ല. ഭരണഘടനയുടെ 83, 172, 174, 356 എന്നിങ്ങനെ പല അനുഛേദങ്ങളിലും ഭേദഗതി വേണ്ടിവരും. അത് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയും സമവായമുണ്ടാക്കാതെയും പറ്റില്ല. കൂടുതൽ വോട്ടിങ് യന്ത്രങ്ങൾ, വിവിപാറ്റ് തുടങ്ങിയവയും വേണം.
ഒറ്റ തെരഞ്ഞെടുപ്പ് നടത്തിയാൽ തടസ്സമില്ലാതെ ഭരണ നടത്തിപ്പിൽ കൂടുതൽ ശ്രദ്ധിക്കാം, തെരഞ്ഞെടുപ്പു ചെലവ് കുറയും എന്നിങ്ങനെ പല ന്യായങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പറയുന്നത്. എന്നാൽ, ഒറ്റ തെരഞ്ഞെടുപ്പ് കേന്ദ്രീകൃത ഭരണത്തിലേക്കുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന കാഴ്ചപ്പാടാണ് വിവിധ പാർട്ടികൾക്കുള്ളത്. ഫലത്തിൽ അക്കാദമിക ചർച്ചക്ക് അപ്പുറത്തേക്ക് കൊണ്ടുപോകാൻ നിലവിൽ പ്രയാസങ്ങൾ പലതാണ്. എങ്കിലും ആശയം സജീവ ചർച്ചയിലേക്ക് കൊണ്ടുവരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഉടനടി നടപ്പാക്കാൻ കഴിയില്ലെങ്കിൽക്കൂടി 2019നപ്പുറത്തെ പൊതുതെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തെരെഞ്ഞടുപ്പുകളും ഒന്നിച്ചാക്കാനുള്ള സാധ്യതയാണ് പരിഗണനയിൽ.
വായ്പ തട്ടിപ്പ്, സാമ്പത്തിക മാന്ദ്യം, കാർഷിക പ്രതിസന്ധി, ജി.എസ്.ടി പൊല്ലാപ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ പ്രശ്നക്കുരുക്കിലാക്കുന്ന സർക്കാർ, അതിൽനിന്നെല്ലാം ശ്രദ്ധ തിരിക്കാനാണ് ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം സജീവ ചർച്ചയാക്കുന്നതെന്ന് വ്യാഖ്യാനമുണ്ട്. കഴിഞ്ഞ ദിവസം നടന്ന 19 ബി.ജെ.പി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തെരെഞ്ഞടുപ്പുകൾ ഒന്നിച്ചാക്കുക എന്ന ആശയം ചർച്ചക്ക് വെച്ചിരുന്നു.
പ്രചരിക്കുന്നു, ഉൗഹാപോഹങ്ങൾ
നവംബറിൽ നടക്കേണ്ട മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം, ലോക്സഭ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നതായി ഉൗഹാപോഹങ്ങൾ. എന്നാൽ, സാധ്യത വിരളം. 2019 ഏപ്രിൽ, മേയ് മാസങ്ങളിലാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നിശ്ചിത കാലാവധിക്കും ഏഴു മാസം മുേമ്പ തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടാൻ പറ്റാത്ത പ്രതികൂല അന്തരീക്ഷമാണ് മോദിസർക്കാറിനു മുന്നിൽ.
ഒറ്റ തെരഞ്ഞെടുപ്പ് വേണെമന്നാണ് നിലപാടെങ്കിലും അതിനു വേണ്ടി ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കി നവംബറിലെ നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താൻ പരിപാടിയില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഒരു മാസം മുേമ്പ തന്നെ ചാനൽ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത്ഷായും പറഞ്ഞിരുന്നു. കർണാടകത്തിൽ വൈകാതെ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പ് നീട്ടിവെച്ച് മധ്യപ്രദേശ് തെരഞ്ഞെടുപ്പിനും മറ്റുമൊപ്പം നടത്തുന്നതിനെക്കുറിച്ചാണ് പ്രചരിക്കുന്ന മറ്റൊരു ഉൗഹാപോഹം. എന്നാൽ, അഞ്ചു വർഷ കാലാവധിയുള്ള ഭരണം നേരത്തെ അവസാനിപ്പിക്കാമെന്നല്ലാതെ, കാലാവധി നീട്ടിക്കൊണ്ടു പോകാൻ ഭരണഘടനവ്യവസ്ഥകൾ സമ്മതിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
