ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഷോപിയാനിൽ ലഷ്കർ ഭീകരനെ വധിച്ച് സുരക്ഷാസേന
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരൻ കൊല്ലപ്പെട്ടു. കുൽഗാമിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ഷോപിയാൻ വനമേഖലയിലേക്ക് മാറുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സേന നടത്തിയ നീക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. വനമേഖലയിൽ മൂന്ന് ഭീകരർ ഉണ്ടെന്ന വിവരമാണ് സുരക്ഷാസേനക്ക് ലഭിച്ചത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ഭീകര സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പട്രോളിങ് സജീവമായി നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരർക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസിയും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ഭീകരവിരുദ്ധ നടപടികൾ ആരംഭിച്ചത്.
അതേസമയം പഞ്ചാബിലെ ജലന്ധറിൽ തിങ്കളാഴ്ച സായുധസേന വീഴ്ത്തിയത് ആക്രമണ ഡ്രോൺ അല്ലെന്നും നിരീക്ഷണ ഡ്രോൺ ആണെന്നും അധികൃതർ അറിയിച്ചു. മാണ്ഡ് ഗ്രാമത്തിൽ സായുധസേന നിരീക്ഷണ ഡ്രോൺ വീഴ്ത്തിയതായി രാത്രി 9.20ഓടെ സന്ദേശം ലഭിച്ചെന്ന് ജലന്ധർ ഡെപ്യൂട്ടി കമീഷണർ ഹിമാൻഷു അഗർവാൾ പറഞ്ഞു. ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ വിദഗ്ധ സംഘം പരിശോധിച്ചുവരികയാണെന്നും അജ്ഞാത വസ്തുക്കൾ കണ്ടാൽ ഉടൻ അറിയിക്കണമെന്നും ഒരു കാരണവശാലും അരികിലേക്ക് പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.