ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം: ഡൽഹി സർവകലാശാല പരിസരത്ത് കൂട്ടം കൂടുന്നത് നിരോധിച്ചു
text_fieldsന്യൂഡൽഹി: ഗുജറാത്ത് കലാപം സംബന്ധിച്ച വിവാദ ഡോക്യുമെന്ററി വിദ്യാർഥികൾ പ്രദർശിപ്പിക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിച്ച ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ അതേ വഴിയിൽ ഡൽഹി, അംബേദ്കർ സർവകലാശാലകൾ. ഈ സർവകലാശാലകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർഥികൾ പദ്ധതിയിട്ടിരുന്നു. സ്ക്രീനിങ്ങിന് പദ്ധതിയിട്ട ഡൽഹി സർവകലാശാല ആർട്ട്സ് ഫാക്കൽറ്റിക്ക് പുറത്ത് കൂട്ടം കൂടുന്നത് നിരോധിച്ച് പൊലീസ് ഉത്തരവിട്ടു. അംബേദ്കർ യൂണിവേഴ്സിറ്റിയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് പ്രദർശനം തടഞ്ഞത്.
എന്നാൽ ഡോക്യുമെന്ററിയുടെ ലിങ്ക് സഹിതമുള്ള ക്യുആർ കോഡ് പ്രചരിപ്പിച്ച് ജെ.എൻ.യുവിലെത് പോലെ ഇവിടെയും വിദ്യാർഥികർ ഫോണിലും ലാപ്‌ടോപ്പിലും ഡോക്യുമെന്ററി കണ്ടു.
പ്രദർശനം തടയാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ ഇരു സർവകലാശാലകളിലും വിദ്യർഥികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അംബേദ്കർ യൂനിവേഴ്‌സിറ്റി കാമ്പസിൽ പ്രതിഷേധിച്ച നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാമ്പസിൽ കൂട്ട സ്‌ക്രീനിങ്ങോ പൊതു സ്‌ക്രീനിങ്ങോ അനുവദിക്കില്ലെന്ന് ഡൽഹി യൂനിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷൻ വൃത്തങ്ങൾ അറിയിച്ചു. വിദ്യാർഥികൾ അത് അവരുടെ ഫോണിൽ കാണണോ എന്നത് അവരുടെ വിവേചനാധികാരമാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
ഇത്തരം സ്‌ക്രീനിങ്ങിന് സർവകലാശാലകൾ അനുമതി നൽകിയിട്ടില്ലെന്നും ഡൽഹി പൊലീസിനെ സർവകലാശാല അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ സർവകലാശാലകളിൽ കനത്ത പൊലീസ് വിന്യാസം ഉണ്ടാകുമെന്നും സ്‌ക്രീനിങ്ങിന് വിദ്യാർഥികൾ ഒത്തുകൂടിയാൽ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ശ്രമം ജാമിഅ മില്ലിയ ഇസ്‍ലാമിയ സർവകലാശാല തടഞ്ഞതിനു പിന്നാലെ വിദ്യാർഥികളുടെയും ഫാക്കൽറ്റി അംഗങ്ങളുടെയും അഭ്യർഥന മാനിച്ച് വെള്ളിയാഴ്ച ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. കാമ്പസിനുള്ളിൽ സ്‌ക്രീനിങ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാക്കിയതിന് സർവകലാശാലയിലെ 13 വിദ്യാർഥകളെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ബി.ബി.സി ഡോക്യുമെന്ററിയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.
ഉള്ളടക്കം തടയാൻ സോഷ്യൽ മീഡിയ ഇടനിലക്കാർക്ക് കേന്ദ്രസർക്കാർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ വ്യക്തികൾ ഡോക്യുമെന്ററി കണ്ടാൽ, നിയമപരമായി അവരെ ശിക്ഷിക്കാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

