സി.ബി.എസ്.ഇ മൂല്യനിർണയത്തിലെ വീഴ്ച; പരീക്ഷാ പേപ്പറുകൾ ഹാക്കർമാർ വഴി പൊതുവിടത്തിൽ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയത്തിനായി ഉപയോഗിക്കുന്ന ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഗുരുതര സുരക്ഷാ വീഴ്ചയും. പരീക്ഷാ പേപ്പറുകൾ ഹാക്കർമാർ വഴി പൊതുവിടത്തിൽ ലഭ്യമായി. സുരക്ഷാവീഴ്ച സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ വെബ്‌സൈറ്റ് വിലാസത്തിലെ തെറ്റും ടെസ്റ്റിങ് പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മാത്രമാണുണ്ടായതെന്നും സുരക്ഷാ ലംഘനം നടന്നിട്ടില്ലെന്നുമായിരുന്നു സി.ബി.എസ്.ഇ നിലപാട്. എന്നാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ സുരക്ഷാ പ്രശ്നം അക്കമിട്ട് നിരത്തിയും ഉത്തരപേപ്പറുകൾ പങ്കുവെച്ചും എത്തിക്കൽ ഹാക്കർമാരും വിദ്യാർഥികളും രംഗത്തുവന്നതോടെ വീഴ്ച തുറന്നുസമ്മതിച്ച് സി.ബി.എസ്.ഇ ക്ഷമ ചോദിച്ചു.
പോർട്ടലിലെ സുരക്ഷാ പോരായ്മകൾ പരിഹരിക്കാൻ ഐ.ഐ.ടി വിദഗ്ധരടങ്ങുന്ന സർക്കാർ സൈബർ സുരക്ഷാ സംഘത്തെയും സി.ബി.എസ്.ഇ നിയോഗിച്ചു. വിവരങ്ങൾ സുരക്ഷിതമാക്കാൻ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മറ്റു സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അഭ്യർഥിച്ച സി.ബി.എസ്.ഇ സുരക്ഷ മുൻനിർത്തി പോർട്ടൽ കൂടുതൽ സുരക്ഷിതമായ മറ്റൊരു ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുകയാണെന്നും കൂട്ടിച്ചേർത്തു.
സി.ബി.എസ്.ഇ 12ാം ക്ലാസിലെ 20 ലക്ഷത്തോളം വിദ്യാർഥികളുടെ പരീക്ഷാ പേപ്പറുകൾ എ.ഡബ്ല്യു.എസ് ക്ലൗഡ് സംഭരണത്തിൽനിന്ന് ആർക്കും കാണാൻ കഴിയുന്ന രീതിയിൽ ഓൺലൈനിൽ പരസ്യമായെന്നും ഇത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും കോൺഗ്രസ് ആരോപിച്ചു. വിദ്യാർഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്ന വലിയൊരു വിവരച്ചോർച്ചയാണെന്നും ടെൻഡർ നിബന്ധനകളിൽ മാറ്റം വരുത്തി സി.ബി.എസ്.ഇ കരാർ നൽകിയതുമൂലമാണ് ഇത് സംഭവിച്ചതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഓൺലൈനിൽ കണ്ട പരീക്ഷാ പേപ്പറുകളിൽ പേപ്പർ മടക്കിവെച്ചതിന്റെയും നിഴലുകളുടെയും അടയാളങ്ങൾ ഉള്ളതിനാൽ സ്കാനിങ് മെഷീനുകൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഇവ സ്കാൻ ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, റോബോട്ടിക് സ്കാനറുകൾ വേണമെന്ന നിബന്ധന ടെൻഡറിൽനിന്ന് ഒഴിവാക്കിയത് എന്തിനായിരുന്നു എന്നും അദ്ദേഹം ചോദ്യം ചെയ്തു.
സി.ബി.എസ്.ഇ ഓൺ-സ്‌ക്രീൻ മാർക്കിങ് ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 17കാരന്റെ ബ്ലോഗ് സി.ബി.എസ്.ഇയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പോർട്ടലിലെ സുരക്ഷ വീഴ്ചയുടെ കൂടുതൽ വിവരങ്ങളും പുറത്തുവരുന്നത്. നേരത്തേ, ഉത്തരക്കടലാസിന് അപേക്ഷിക്കുന്ന പോർട്ടലിലുണ്ടായ സാങ്കേതിക പ്രശന്ങ്ങൾ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

