ജോലിക്ക് ഭൂമി അഴിമതി; ലാലുവിനും കുടുംബത്തിനുമെതിരെ കുറ്റം ചുമത്തി
text_fieldsലാലു പ്രസാദ് യാദവ്
ന്യൂഡൽഹി: ജോലിക്ക് ഭൂമി അഴിമതി കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കും എതിരെ വിചാരണ കോടതി അഴിമതി, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി. റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്ക് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസിൽ
ലാലുവിനും ഭാര്യ റാബ്രി ദേവിക്കും മക്കൾക്കുമെതിരെ ഡൽഹി റൗസ് അവന്യൂ കോടതിയാണ് കുറ്റം ചുമത്തിയത്. റെയിൽവേ മന്ത്രാലയത്തെ തന്‍റെ കുത്തകയായി ലാലു കണ്ടുവെന്ന് ജഡ്‌ജി ഉത്തരവിൽ പരാമർശിച്ചു. സർക്കാർ ജോലി വിലപേശലിനായി ഉപയോഗിച്ചെന്നും വൻ ഗൂഢാലോചന നടത്തിയെന്നും റാബ്രി ദേവി മക്കളായ തേജസ്വി, തേജ് പ്രതാപ് യാദവ്, മകൾ മിസാ ഭാരതി എന്നിവരുടെ പേരിൽ കൈക്കൂലിയായി ഭൂമി വാങ്ങിക്കൂട്ടിയെന്നുമാണ് കുറ്റം.
കേസിൽ പ്രതി ചേർത്ത 98 പേരിൽ 41 പേർക്കെതിരെ കുറ്റം ചുമത്തിയപ്പോൾ 52 പേരെ കോടതി വെറുതെ വിട്ടു. ലാലു പ്രസാദ് യാദവിന്‍റെ അടുത്ത സഹചാരികൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നാണ് സി.ബി.ഐയുടെ കുറ്റപത്രം വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലാലു യാദവിനും കുടുംബാംഗങ്ങൾക്കും എതിരെ 2022 മേയ് 18നാണ് സി.ബി.ഐ കേസ് രജിസ്റ്റർചെയ്തത്. 2022 ഒക്‌ടോബർ പത്തിന് കുറ്റപത്രം സമർപ്പിച്ചു.
മന്ത്രിയായിരുന്ന 2004 - 2009 കാലയളവിൽ റെയിൽവേയുടെ വിവിധ മേഖലകളിലെ ഗ്രൂപ് ഡി ജോലികൾക്ക് കൈക്കൂലിയായി ഭൂമി വാങ്ങിയെന്നും, അവ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിലേക്ക് കൈമാറ്റംചെയ്തുവെന്നുമാണ് കേസിന് ആധാരമായ ആരോപണം.
സി.ബി.ഐയുടെ കേസ് അടിസ്ഥാനമാക്കി ഇ.ഡി കേസെടുക്കുകയും, 2024ൽ കുറ്റപത്രം സമർപ്പിക്കുകയുംചെയ്തിരുന്നു. അനധികൃതമായി ലാലുവും കുടുംബാംഗങ്ങളും സ്വത്ത് സമ്പാദിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

