തിരുപ്പറംകുൺറം: ദർഗയോട് ചേർന്ന് ദീപം തെളിയിക്കാൻ മദ്രാസ് ഹൈകോടതി അനുമതി
text_fieldsചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പറകുൺറത്ത് ദർഗയോട് ചേർന്ന വിളക്കുകാലിൽ ദീപം തെളിയിക്കാൻ അനുമതി. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചാണ് അനുമതി നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ജസ്റ്റിസ് ജി.ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ രാമകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസിൽ ദീപം തെളിയിക്കുന്നത് വിലക്കുന്നതിനാവശ്യമായ തെളിവുകൾ സമർപ്പിക്കുന്നതിൽ ഹസ്റത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയും സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ വിധി പറയുന്നതിനിടെ സംസ്ഥാന സർക്കാറിനെതിരെ വിമർശനവും കോടതി ഉന്നയിച്ചു.
ഒരു പ്രത്യേക ദിവസം ദേവസ്ഥാനം പ്രതിനിധികൾ പ്രത്യേകസ്ഥലത്ത് ദീപം തെളിയിക്കുന്നത് എങ്ങനെ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്താൽ മാത്രമേ അത്തരമൊരു പ്രശ്നമുണ്ടാകു. രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ട് പോകുന്നതിനായി ഒരു സംസ്ഥാനവും ഇത്രത്തോളം തരംതാഴില്ലെന്നും കോടതി വ്യക്തമാക്കി.
എന്താണ് തിരുപ്പറകുൺറം വിവാദം?
തിരുപ്പറകുൺറം കുന്നിൻ മുകളിലെ ഹസ്രത്ത് സികന്ദർ ബാദുഷ ദർഗക്ക് സമീപത്തുള്ള സർവേക്കുറ്റിയിൽ ദീപംതെളിക്കാൻ അനുവദിച്ച് കൊണ്ട് മദ്രാസ് ഹൈകോടതി ജഡ്ജി ജി ആർ സ്വാമിനാഥൻ ഉത്തരവിട്ടതാണ് ഇപ്പോൾ പ്രശ്നം ആളിക്കത്തിച്ചത്. ജഡ്ജിയെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് ഇന്ത്യാ ബ്ലോക്ക് എംപിമാർ ആവശ്യപ്പെട്ടിരുന്നു.
ഹൈന്ദവ ദേവനായ മുരുകന്റെ ആറ് വാസസ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന തിരുപ്പറകുൺറം ഉച്ചൈപിള്ളൈയാർ ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിക്കൽ ചടങ്ങ് മുരുക ഭക്തർ നൂറ്റാണ്ടുകളായി അത്യാദരപൂർവം നടത്തിവരുന്നതാണ്. എന്നാൽ, 1994ൽ ക്ഷേത്രത്തിൽനിന്ന് മാറി തിരുപ്പറകുൺറം മലമേട്ടിലുള്ള ഹസ്രത്ത് സികന്ദർ ബാദുഷ ദർഗക്ക് സമീപത്തുള്ള തൂണിൽ ദീപം തെളിക്കണമെന്ന ശാഠ്യവുമായി സംഘ് പരിവാർ രംഗപ്രവേശം ചെയ്തു. ചരിത്രപരമായോ ആചാരപരമായോ ഒരു പിൻബലവുമില്ലാത്ത ആവശ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ കല്യാണ സുന്ദരം, ഭവാനി സുബ്രഹ്മണ്യം എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് 2017 ഡിസംബറിൽ വ്യക്തമാക്കിയതുമാണ്. കഴിഞ്ഞ വർഷം ഇക്കാര്യം ഉന്നയിച്ച് സമർപ്പിച്ച റിട്ട് ഹരജി, സമാധാനവും സൗഹാർദവും തകർക്കാൻ വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുകയും ചെയ്തു. ശേഷം നടന്ന ഹിന്ദുത്വ വർഗീയനീക്കങ്ങളെ എം.കെ. സ്റ്റാലിൻ നയിക്കുന്ന തമിഴ്നാട്ടിലെ ഡി.എം.കെ മുന്നണി സർക്കാർ ധീരമായി ചെറുക്കുകയും ചെയ്തു.
എന്നാൽ, ഈ വർഷം സമർപ്പിക്കപ്പെട്ട ഹരജിയിൽ കക്ഷികളുടെ വാദംപോലും കേൾക്കാൻ നിൽക്കാതെ, 2017ലെ ഡിവിഷൻ ബെഞ്ച് ഉത്തരവിന് വിരുദ്ധമായി, ഹൈകോടതി ജഡ്ജി ജി.ആർ. സ്വാമിനാഥൻ ദർഗക്ക് സമീപത്തെ തൂണിൽ ദീപം തെളിക്കാൻ സർക്കാറിന് നിർദേശം നൽകി. ഈ വിധി നാടിന്റെ സമാധാനം തകർക്കുന്ന ദുർവിധിയാകുമെന്നതിനാൽ സർക്കാർ നടപ്പാക്കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

