ലാലുവിന്റെ ധർമസങ്കടങ്ങൾ
text_fieldsലാലു പ്രസാദ് യാദവും ഭാര്യ റാബ്റി ദേവിയും മകൾ രോഹിണി ആചാര്യയും 2024 ലോക് സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
ആർ.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും ഭാര്യ റാബ്റി ദേവിയും കടുത്ത ധർമസങ്കടത്തിലാണ്. പാർട്ടിക്കുണ്ടായ കനത്ത പരാജയം കുടുംബ കലഹത്തിനുകൂടിയാണോ വഴിവെച്ചിരിക്കുന്നത്? തന്റെ ശക്തമായ കരങ്ങളാൽ വർഗീയതയെ പ്രതിരോധിച്ച ചരിത്രമാണ് ലാലുവിനുള്ളത്. ഇന്നിപ്പോൾ അദ്ദേഹം നിസ്സഹായനാണ്. മൂത്ത മകൻ തേജ് പ്രതാപ് നേരത്തേ കുടുംബത്തെ ധിക്കരിച്ചു; ഇപ്പോഴിതാ മകൾ രോഹിണി ആചാര്യയും അതേ വഴിയിലെത്തിയിരിക്കുന്നു.
കഴിഞ്ഞവർഷം, ലാലുവിന് സ്വന്തം വൃക്ക നൽകി അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയതിന്റെ പേരിൽ നവസമൂഹമാധ്യമങ്ങളിലുടെ ശ്രദ്ധിക്കപ്പെട്ടയാളാണ് രോഹിണി. കഴിഞ്ഞദിവസം അവർ ‘എക്സി’ൽ ഇങ്ങനെ കുറിച്ചു: ‘‘ഞാൻ രാഷ്ട്രീയം വിടുന്നു; എന്റെ കുടുംബത്തെയും. ഇതാണ് സഞ്ജയ് യാദവും റമീസുമാണ് എന്നെ ഈ തീരുമാനത്തിലെത്തിച്ചത്’’. തേജസ്വിയുടെ അടുത്ത കൂട്ടുകാരനും ആർ.ജെ.ഡിയുടെ രാജ്യസഭാംഗവുമാണ് സഞ്ജയ്.
ഇദ്ദേഹം തങ്ങളുടെ കുടുംബത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് നേരത്തേ തേജ് പ്രതാപ് ആരോപിച്ചിരുന്നു. സഞ്ജയ്ക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് റമീസ്. കുടുംബരാഷ്ട്രീയത്തിന്റെ മുഖമായിരുന്ന ലാലുവിന്റെ ആധിപത്യത്തിന് വലിയ കോട്ടം തട്ടിയ തെരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. കുടുംബാംഗങ്ങൾ പരസ്പരം വെല്ലുവിളിച്ച് നവസാമൂഹിക മാധ്യമങ്ങളിലും പൊതുവേദികളിലും പ്രത്യക്ഷപ്പെട്ട തെരഞ്ഞെടുപ്പ് കാലം.
സിംഗപ്പൂരിൽ ഡോക്ടറായ രോഹിണി, ലാലുവിന് വൃക്കദാനം നൽകിയതോടെ ആദ്യമായി മാധ്യമശ്രദ്ധ നേടിയതെന്ന് പറയാം. പകരം, ലാലു തിരിച്ചുനൽകിയത് തന്റെ പഴയ തട്ടകമായ സാറൻ ലോക്സഭ മണ്ഡലമായിരുന്നു. പക്ഷേ, വിജയിച്ചില്ല. തോൽവിക്കുശേഷവും രോഹിണി പാർട്ടിക്കൊപ്പം നിലകൊണ്ടു. പാർട്ടിവൃത്തങ്ങളിൽ പേരെടുക്കുകയും ചെയ്തു. ബിഹാറിൽ രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയോടെയാണ് രോഹിണിയുടെ മനംമാറ്റമെന്ന് പറയാം. സഞ്ജയ് യാദവ് നിലവാരമില്ലാത്തായാളാണെന്ന് പറഞ്ഞ് അവർ ‘എക്സി’ൽ ഒരു പോസ്റ്റിട്ടു. പിന്നീട് അത് നീക്കം ചെയ്തുവെങ്കിലും അത് വലിയ വിവാദമായി.
യോഗങ്ങളിൽ മുൻസീറ്റിലിരിക്കാനുള്ള സഞ്ജയ് യാദവിന്റെ ത്വരയും പ്രചാരണവാഹനങ്ങളിൽ ലാലുവിന്റെ കുടുംബാംഗങ്ങൾക്കായി നീക്കിവെച്ച സീറ്റിൽ അദ്ദേഹം കയറിയിരിക്കുന്നതുമൊക്കെ സൂചിപ്പിച്ചായിരുന്നു ആ പോസ്റ്റ്. പിന്നീട്, ലാലുവിനെയും തേജസ്വിയെയും റാബ്റിയെയുമെല്ലാം അവർ എക്സിലും മറ്റും ‘അൺഫോളോ’ ചെയ്തു. പാർട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നും അവർ വിടുതൽ പ്രഖ്യാപിച്ചു. സ്വന്തം അക്കൗണ്ടിൽനിന്ന് പാർട്ടി സംബന്ധമായ ചിത്രങ്ങളും വിഡിയോകളുമെല്ലാം നീക്കംചെയ്തു. പാർട്ടിയോടുള്ള വിയോജിപ്പുകളായിരുന്നു ഇതിലൂടെ പ്രതിഫലിച്ചതെന്ന് വ്യക്തം.
കുടുംബ കലഹം തുടങ്ങിവെച്ചത് രോഹിണിയല്ല, തേജ് പ്രതാപാണ്. 2025 മേയിലായിരുന്നു അത്. അനുഷ്ക യാദവ് എന്ന സ്ത്രീക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തങ്ങൾ 12 വർഷമായി പ്രണയത്തിലാണെന്ന് പ്രസ്താവിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇത് വൈറലായി; തെരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുന്ന സമയം കൂടിയാണല്ലൊ. മാത്രവുമല്ല, 2018ൽ വിവാഹിതനായ തേജിന്റെ വിവാഹമോചന നടപടികൾ ആ സമയം തുടരുന്നുമുണ്ട്. ഉടൻ ലാലു ഇടപെട്ടു. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ലാലു ‘എക്സി’ലൂടെ അറിയിച്ചു. ആ പുറത്താക്കൾ കുടുംബത്തിൽനിന്നുകൂടിയായിരുന്നു.
തുടർന്നാണ് അദ്ദേഹം ജൻശക്തി ജനതാദൾ എന്ന പാർട്ടി രൂപവത്കരിച്ചത്. ഒരിടത്ത് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. പക്ഷേ, പ്രചാരണസമയത്തെല്ലാം അദ്ദേഹം കുടുംബത്തെയാണ് ലക്ഷ്യമിട്ടത്. ആർ.ജെ.ഡിയിലെ പ്രശ്നങ്ങൾക്ക് കാരണം കുടുംബത്തിലെ ചിലരാണെന്ന് അദ്ദേഹം ആരോപിച്ചു. തേജിന്റെ പ്രതികരണങ്ങളുടെ തുടർച്ചയിലാണ് രോഹിണിയും രംഗത്തുവന്നത്. ഈ തെരഞ്ഞെടുപ്പിൽ അവർക്ക് ടിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. ‘ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി’ എന്ന പുതിയ പാർട്ടി നയം തേജസ്വി സ്വീകരിച്ചപ്പോൾ അവർ മത്സരരംഗത്തുനിന്ന് പുറത്തായി. സഞ്ജയ് ആണ് ഇതിന് പിന്നിലെന്ന് അവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

