ലാലുജി വരുന്നുണ്ട്, നിതീഷിെൻറ യാത്രയയപ്പിന് –തേജസ്വി
text_fieldsപട്ന: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മോദിയുടെ സഖ്യത്തിനെതിരെ ലാലുപ്രസാദ് യാദവിനൊപ്പം തോളോടുതോൾ ചേർന്നുനിന്ന് ഭരണം പിടിക്കുകയും പിന്നീട് കൂട്ടുവിട്ട് മോദിക്കൊപ്പം ചേരുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ കടുത്ത വിമർശനങ്ങളുമായി ലാലുപുത്രനും രാഷ്ട്രീയ ജനതാദൾ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്.
ജയിലിലുള്ള ലാലുജി നവംബർ ഒമ്പതിന് ജാമ്യത്തിലിറങ്ങുമെന്നും പിറ്റേദിവസം മുഖ്യമന്ത്രിപദത്തിൽനിന്നുള്ള നിതീഷിെൻറ യാത്രയയപ്പ് ചടങ്ങായിരിക്കുമെന്നും തേജസ്വി പറഞ്ഞു. ഭോജ്പുരിയിൽ ലാലുവിെൻറ ജനപ്രിയശൈലി കടമെടുത്ത് സംസാരിച്ച തേജസ്വി പ്രധാനമന്ത്രിക്കെതിരെയും കടുത്ത പ്രയോഗങ്ങൾ നടത്തി.
കോവിഡ് പടർന്ന അന്നുമുതൽ 144 ദിവസം മുഖ്യമന്ത്രിയുടെ വസതിയിൽതന്നെ കഴിച്ചുകൂട്ടിയ നിതീഷ് ഇപ്പോൾ വോട്ടിനുവേണ്ടി മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. താൻ മുഖ്യമന്ത്രിപദമേറിയാൽ ആദ്യ മന്ത്രിസഭ യോഗത്തിൽതന്നെ 10 ലക്ഷം ബിഹാറി യുവജനങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവിൽ ഒപ്പുവെക്കുമെന്നും രാഹുൽ ഗാന്ധിക്കൊപ്പം ഹിസുവയിലെ റാലിയിൽ സംബന്ധിച്ച തേജസ്വി പ്രഖ്യാപിച്ചു.