ആരും ഇടപെടേണ്ട, ഇത് കൈകാര്യം ചെയ്യാൻ എനിക്കറിയാം; കുടുംബ പ്രശ്നങ്ങളിൽ പ്രതികരിച്ച് ലാലു പ്രസാദ് യാദവ്
text_fieldsപട്ന: തന്റെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളിൽ പ്രതികരിച്ച് ആർ.ജെ.ഡി പ്രസിഡന്റും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. തന്റെ കുടുംബ പ്രശ്നത്തിൽ ആരും ഇടപെടേണ്ട എന്നും സ്വന്തംനിലക്ക് പരിഹരിക്കാൻ കഴിയുമെന്നുമായിരുന്നു ലാലു പാർട്ടി പ്രവർത്തകരോട് പറഞ്ഞത്.
ആദ്യമായാണ് മകൻ തേജസ്വി യാദവും പെൺമക്കളും തമ്മിലുണ്ടായ കുടുംബ കലഹത്തിൽ ലാലു പ്രതികരിക്കുന്നത്. ''ഇത് കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളാണ്. കുടുംബാംഗങ്ങൾ തന്നെ പരിഹരിക്കുകയും ചെയ്യും. എല്ലാം കൈകാര്യം ചെയ്യാൻ ഞാനിവിടെയുണ്ട്''-എന്നാണ് ലാലു മുതിർന്ന ആർ.ജെ.ഡി നേതാക്കളുടെ യോഗത്തിൽ പറഞ്ഞത്. ലാലുവിന്റെ ഭാര്യ റാബ്റി ദേവി, മൂത്ത മകൾ മിസ ഭാരതി, ജഗ്ദാനന്ദ് സിങ്, തേജസ്വി യാദവ് മുതിർന്ന ആർ.ജെ.ഡി നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
ബിഹാർ തെരഞ്ഞെടുപ്പിൽ തേജസ്വി കഠിനാധ്വാനം ചെയ്തുവെന്നും ലാലു പ്രശംസിച്ചു. തേജസ്വിക്ക് മാത്രമേ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും ലാലു പറഞ്ഞു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ലാലുവിന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പാർട്ടി വിടുകയാണെന്നും വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും പറഞ്ഞ് മകൾ രോഹിണി ആചാര്യയാണ് ആദ്യം രംഗത്തുവന്നത്. ലാലുവിന്റെ കുടുംബവീട് വിട്ട് സിംഗപ്പൂരിലേക്ക് പോയ രോഹിണി സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വൈകാരിക കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്.
243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് 25 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. 2010നു ശേഷം ആർ.ജെ.ഡിയുടെ ഏറ്റവും മോശം പ്രകടനമാണിത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ലാലുവിന്റെ പട്നയിലെ വീട്ടിൽ വെച്ച് തേജസ്വിയും രോഹിണിയും തമ്മിൽ വാഗ്വാദം നടന്നുവെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയായിരുന്ന തേജസ്വിക്കാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തമെന്ന് രോഹിണി വിമർശിക്കുകയും ചെയ്തു.
തേജസ്വി കാരണമാണ് ഈ നാണംകെട്ട പരാജയം സംഭവിച്ചത്. തേജസ്വി മൂലം തങ്ങളെല്ലാം നാണംകെട്ടുവെന്നും രോഹിണി കുറ്റപ്പെടുത്തി. തുടർന്ന് രോഷാകുലനായ തേജസ്വി രോഹിണി ചെരിപ്പൂരി അടിക്കാൻ നോക്കുകയും അസഭ്യം പറയുകയും ചെയ്യുകയുമായിരുന്നു.
ലാലുവിന്റെ ഒമ്പതുമക്കളിൽ ഒരാളാണ് രോഹിണി. 2022ൽ ലാലു വൃക്കരോഗ ബാധിതനായപ്പോൾ വൃക്ക നൽകിയത് രോഹിണിയാണ്.
രോഹിണിയുടെ എക്സ് പോസ്റ്റിനു ശേഷം മുതിർന്ന നേതാവ് സഞ്ജയ് യാദവിനെയും തേജസ്വിയുടെ അടുത്ത സുഹൃത്തായ റമീസ് നേമത്ത് ഖാനെയും ലാലുവിന്റെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

