പ്രണയം സമ്മതിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു; മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
text_fieldsപട്ന: പ്രണയ ബന്ധം തുറന്നുപറഞ്ഞതിന്റെ പേരിൽ മൂത്ത മകൻ തേജ് പ്രതാപിനെ ലാലു പ്രസാദ് യാദവ് ആർ.ജെ.ഡിയിൽ നിന്ന് പുറത്താക്കി. ആറു വർഷത്തേക്കാണ് പുറത്താക്കിയത്. മകന്റെ നിരുത്തരവാദപരമായ സ്വഭാവമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് ലാലു പറഞ്ഞ ന്യായീകരണം. കുടുംബ മൂല്യങ്ങളിൽ നിന്നും പൊതു ജനങ്ങളോടുള്ള കടമയിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ് മൂത്ത മകനെന്നും ലാലു ആരോപിച്ചു.
അനുഷ്ക യാദവ് എന്ന യുവതിയുമായി 12 വർഷമായി തുടരുന്ന ബന്ധം തുറന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് തേജ് പ്രതാപിനെതിരെ ലാലു വടിയെടുത്തത്. എന്നാൽ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്നും കുടുംബത്തെ അപകീർത്തിപ്പെടുത്താൻ എഡിറ്റ് ചെയ്ത ഫോട്ടോകളാണ് പ്രചരിപ്പിക്കുന്നത് എന്നുമാണ് തേജ് പ്രതാപിന്റെ അവകാശ വാദം.
മൂത്ത മകന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും തങ്ങളുടെ കുടുംബ മൂല്യങ്ങൾക്കും സംസ്കാരങ്ങൾക്കും നിരക്കുന്നതല്ലെന്ന് പറഞ്ഞാണ് ലാലു തേജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽ നിന്ന് മാത്രമല്ല, മകനെ തന്റെ കുടുംബത്തിൽ നിന്ന് പുറത്താക്കുകയാണെന്നും ലാലു സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലും കുടുംബത്തിലും തേജിന് ഒരുതരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല എന്നാണ് പറയുന്നത്.
മാത്രമല്ല, തേജുമായി ബന്ധം പുലർത്തുന്നവർ വിവേചനാധികാരത്തോടെ കാര്യങ്ങൾ തീരുമാനിക്കണമെന്നും ലാലു പറയുന്നുമുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രണയം പരസ്യമാക്കി തേജ് പ്രതാപ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. 12 വർഷമായി അനുഷ്‍കയുമായി പ്രണയത്തിലാണെന്നാണ് തേജ് പറഞ്ഞത്. ''വളരെ കാലമായി ഇത് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. അതാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. എല്ലാവർക്കും എന്നെ മനസിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.''-എന്നാണ് തേജ് പ്രതാപ് കുറിച്ചത്.
2018ൽ ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയുമായി തേജ് പ്രതാപിന്റെ വിവാഹം നടന്നിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ ഈ ബന്ധം തകർന്നു.തന്നെ ലാലുവും കുടുംബവും വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് ഐശ്വര്യ ആരോപിച്ചത്. ദമ്പതികളുടെ വിവാഹമോചന ഹരജി കുടുംബ കോടതിയുടെ പരിഗണനയിലാണ്. തേജ് ലഹരിക്കടിമയാണെന്നാണ് ഐശ്വര്യയുടെ ആരോപണം. അതിനു പിന്നാലെ ഐശ്വര്യയുടെ പിതാവും ആർ.ജെ.ഡി മുൻ മന്ത്രിയുമായ ചന്ദ്രികാ റോയി പാർട്ടി വിട്ടു. രാഷ്ട്രീയ പരമായും നിയമപരമായും മകൾക്കൊപ്പം നിന്ന് പോരാടുമെന്നാണ് അദ്ദേഹം പറഞ്ഞത്. തേജ് പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ ഇക്കാര്യങ്ങളെല്ലാം ആളുകൾ എടുത്തിട്ടു. അനുഷ്‍കയുമായുള്ള ബന്ധമായിരിക്കും വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നാണ് ചിലർ പറയുന്നത്.
ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു തേജ് പ്രതാപ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ അത് നടക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

