'ധാർമിക മൂല്യങ്ങൾ അവഗണിച്ചു'; മകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ലാലു
text_fieldsപട്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർ.ജെ.ഡിയിൽ നിർണായക നീക്കവുമായി ലാലു പ്രസാദ് യാദവ്. മകൻ തേജ് പ്രതാപ് യാദവിനെ ആറ് വർഷത്തേക്ക്‍ പാർട്ടിയിൽ നിന്നും പുറത്താക്കിയാണ് ലാലു എല്ലാവരെയും ഞെട്ടിച്ചത്. തേജ് പ്രതാപിന്റെ ഭാഗത്ത് നിന്ന് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ദിവസം തേജ് പ്രതാപ് യാദവ് അനുഷ്‍ക യാദവുമായുള്ള ദീർഘകാല ബന്ധത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 12 വർഷമായി തങ്ങൾ അടുപ്പത്തിലായിരുന്നുവെന്നാണ് തേജ് പ്രതാപ് യാദവ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ലാലു നടപടിയുമായി രംഗത്തെത്തിയത്.
കുടുംബത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായാണ് തേജ് പ്രതാപ് യാദവിന്റെ പെരുമാറ്റമെന്ന് ലാലു പറഞ്ഞു. അതിനാൽ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും അയാളെ ഒഴിവാക്കുകയാണ്. ഇനി മുതൽ കുടുംബത്തിലോ പാർട്ടിയിലോ അയാൾക്ക് ഒരു റോളും ഉണ്ടാവില്ല. ആറ് വർഷത്തേക്ക്‍ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെന്ന് ലാലു പ്രസാദ് യാദവ് അറിയിച്ചു.
ബിഹാറിൽ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എയും ലാലു നേതൃത്വം നൽകുന്ന മഹാഗഡ്ബന്ധൻ സഖ്യവും തമ്മിലാണ് പ്രധാനമത്സരം. ഇതിനിടയിലാണ് മകനെ പുറത്താക്കി ലാലു പ്രസാദ് യാദവ് രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

