അവസാന കാലിത്തീറ്റ കുംഭകോണ കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് അഞ്ചു വർഷം തടവും 60 ലക്ഷം രൂപ പിഴയും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളാണ് ലാലുവിനെതിരെ ഉണ്ടായിരുന്നത്. ഇതിലെ അവസാന കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ഇന്ന് ശിക്ഷ വിധിച്ചത്.
നേരത്തെ നാലു കേസുകളിൽ ലാലുവിനെതിരെ ശിക്ഷ വിധിച്ചിരുന്നു. മൂന്നുവർഷത്തിലധികം ജയിൽ ശിക്ഷയനുഭവിച്ച ലാലു ഇപ്പോൾ ജാമ്യത്തിലാണ്. മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാണിച്ച് 950 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് കേന്ദ്രത്തിലെ യു.പി.എ സർക്കാറിൽ റെയിൽവെ മന്ത്രിയായിരുന്നു. റെയിൽവേയെ ലാഭത്തിലാക്കുകയും ചരിത്രത്തിലാദ്യമായി ടിക്കറ്റ് നിരക്ക് കുറച്ച് വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. വിദേശ സർവകലാശാലകളിലടക്കം മാനേജ്മെന്റ് വിദ്യാർഥികളോട് സംവദിക്കാൻ ലാലുവിന് ക്ഷണം ലഭിക്കുകയും ചെയ്തിരുന്നു.
അതിനിടെ, ദിവസങ്ങൾക്ക് മുമ്പ് ശിവസേന എം.പി സഞ്ജയ് റാവത്ത് രാജ്യസഭ അധ്യക്ഷന് നൽകിയ കത്ത് പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ സർക്കാറിനെ മറിച്ചിടാൻ സഹകരിച്ചില്ലെങ്കിൽ ഒരു മുൻ കേന്ദ്ര മന്ത്രിയുടെ അനുഭവമുണ്ടാകുമെന്നും ജയിലിൽ കഴിയേണ്ടി വരുമെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹം കത്തിൽ വെളിപ്പെടുത്തിയിരുന്നു.